ബെംഗളൂരു: കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ ആരോഗ്യമന്ത്രി കെ. സുധാകർ ജനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകി. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും ഇത് കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ സജീവ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും മഹാരാഷ്ട്രയിൽ 2.84 ലക്ഷം, കേരളത്തിൽ 24,000, കർണാടകയിൽ 19,000 എന്നിങ്ങനെയാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എല്ലാ ദിവസവും ഒരു ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച നടപടികൾ മുഖ്യമന്ത്രി തന്നെ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ 2,22,377 മുൻനിര പ്രവർത്തകർ ആദ്യത്തെ ഡോസ് വാക്‌സിനും 3,34,110 ആരോഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഇതുവരെ 60 വയസിന് മുകളിൽ പ്രായമുള്ള 16.18 ലക്ഷം മുതിർന്ന പൗരൻമാരും 45 വയസിന് മുകളിൽ പ്രായമുള്ള 4.70 ലക്ഷം പേരും വാക്‌സിൻ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.