ബെംഗളൂരു : ചൈനയിലെ കുട്ടികളുടെ ഇടയില്‍ ശ്വാസകോശ രോഗം (respiratory illness surge in China) പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യത്തെ എല്ലാ ആരോഗ്യ സംവിധാനങ്ങളും തയാറായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സാധാരണ പനി ചികിത്സയിലും ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമുണ്ട്. സാധാരണ പനിയും ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കാം. എന്നാല്‍ മരണനിരക്ക് വളരെ കുറവാണെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും ഇത് ചില സങ്കീര്‍ണതകള്‍ സൃഷ്‌ടിച്ചേക്കാം.
ദീര്‍ഘകാലമായി സ്റ്റിറോയ്‌ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ആശുപത്രി വാസം വേണ്ടിവരികയും ചെയ്തേക്കാം. പനി, വിശപ്പില്ലായ്മ, വരണ്ട ചുമ, തുമ്മല്‍ തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കൂടുതല്‍ വെല്ലുവിളി നേരിടുന്നവരില്‍ ഇത് ചിലപ്പോള്‍ ഒരുമാസം വരെ നീണ്ട് നിന്നേക്കാം.
രോഗം പടരാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ് അധികൃതര്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, അനാവശ്യമായി മുഖത്ത് സ്‌പര്‍ശിക്കാതിരിക്കുക, ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പ് നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എന്ത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ എല്ലാ സംസ്ഥാന ആരോഗ്യസംവിധാനങ്ങളും തയാറായിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.
Read more: സീതപ്പഴം കഴിച്ചാല്‍ ഗര്‍ഭകാലം സൂപ്പറാക്കാം; ആപ്പിളിനേക്കാള്‍ കേമനാണ് സീതപ്പഴം