ബെംഗളൂരു (കർണാടക): സുരക്ഷ ഭീഷണി ഉയർത്തുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഉത്തരവുകൾ ചോദ്യം ചെയ്‌ത് ട്വിറ്റർ നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. കേന്ദ്രത്തിന്‍റെ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം തള്ളിയ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിർദേശം അകാരണമായി വൈകിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴത്തുക 45 ദിവസത്തിനുള്ളിൽ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അനുവദിച്ച സമയത്തിനുള്ളിൽ പിഴ അടയ്‌ക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടാൽ പ്രതിദിനം 5,000 രൂപ അധികമായി നൽകേണ്ടി വരുമെന്നും ജസ്റ്റിസ് കൃഷ്‌ണ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
'മെറിറ്റുകൾ ഇല്ലാത്തതിനാൽ ഈ ഹർജി മാതൃകാപരമായ പിഴയോടെ തള്ളാൻ ബാധ്യസ്ഥമാണ്. 45 ദിവസത്തിനകം കർണാടക സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി, ബെംഗളൂരുവിലേക്ക് നൽകേണ്ട 50 ലക്ഷം രൂപയാണ് മാതൃകാപരമായ പിഴയായി ഹർജിക്കാരന് ഈടാക്കുന്നത്. പിഴത്തുക നൽകുന്നതിൽ കാലതാമസം നേരിട്ടാൽ പ്രതിദിനം 500 രൂപ വീതം അധികമായി നൽകേണ്ടതായി വരും, കോടതി വ്യക്‌തമാക്കി.
സെഷൻ 69 എയുടെ ലംഘനമെന്ന് ട്വിറ്റർ : കേന്ദ്രത്തിന്‍റെ ഉത്തരവുകൾ സെഷൻ 69 എയുടെ ലംഘനമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രാലയം അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിറക്കിയത്.
എന്നിരുന്നാലും ഈ ഉത്തരവുകൾ സെക്ഷൻ 69 എയുടെ കൃത്യമായ ലംഘനമാണ്. സെക്ഷൻ 69 എ പ്രകാരം ട്വീറ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് അക്കൗണ്ട് ഉടമകളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. എന്നാൽ ഈ അക്കൗണ്ട് ഉടമകൾക്ക് മന്ത്രാലയം ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും ട്വിറ്റർ അവകാശപ്പെട്ടിരുന്നു.
അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഉത്തരവുകൾ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നും, എന്തുകൊണ്ട് ഇതിനെതിരെ നടപടിയെടുത്തില്ലെന്നും വിശദീകരിക്കുന്നതിനായി ട്വിറ്ററിന്‍റെ കംപ്ലയൻസ് ഓഫിസർക്ക് കേന്ദ്രം 2022 ജൂൺ നാലിനും, പിന്നീട് 2022 ജൂൺ ആറിനും നോട്ടിസ് അയച്ചിരുന്നു. പിന്നാലെ 2022 ജൂൺ 27-ന് ട്വിറ്റർ തങ്ങളുടെ നിർദേശങ്ങൾ ലംഘിക്കുന്നതായി കാണിച്ച് കേന്ദ്രം മറ്റൊരു നോട്ടിസും നൽകി.
തുടർന്ന് 2022 ജൂൺ 29-ന് നിർദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ സർക്കാരിന് മറുപടി നൽകി. ഇതിന് പിന്നാലെ 2022 ജൂണ്‍ 30ന് 10 അക്കൗണ്ടുകളുടെ ബ്ലോക്ക് ചെയ്യൽ ഉത്തരവ് കേന്ദ്രം പിൻവലിച്ചു. എന്നാൽ ഇതിന് പകരമായി ബ്ലോക്ക് ചെയ്യേണ്ട മറ്റ് 27 അക്കൗണ്ടുകളുടെ ലിസ്റ്റ് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ കേന്ദ്രത്തിന്‍റെ ഉത്തരവുകളെ ചോദ്യം ചെയ്‌തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.