ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിന്(Loksabha Election) മുന്നോടിയായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്(Congress) സര്‍ക്കാര്‍. കുടുംബത്തിന്‍റെ ചുമതല വഹിക്കുന്ന ഏകദേശം 1.1 കോടി സ്‌ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്‌മി(GruhaLakshmi) പദ്ധതിക്കാണ് നാളെ(ഓഗസ്‌റ്റ് 30) മൈസൂരില്‍ വച്ച് നടക്കുന്ന പൊതുപരിപാടിയില്‍ തുടക്കം കുറിക്കുക. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ(Mallikarjun Kharge) ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും(Rahul Gandhi) പങ്കെടുക്കും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ(Siddaramaiah), ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍(D K Shivakumar) എന്നിവര്‍ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് നടക്കുന്ന മൈസൂരുവിലെ പ്രശസ്‌തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ചൊവ്വാഴ്‌ച ദര്‍ശനം നടത്തിയിരുന്നു. കുടുംബത്തിന്‍റെ ചുമതല വഹിക്കുന്ന ഏകദേശം 1.1 കോടി സ്‌ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപയാണ് ഗൃഹലക്ഷ്‌മി പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. മേയ് മാസം നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യത്തെ അഞ്ച് വാഗ്‌ദാനങ്ങളില്‍ അടങ്ങിയതായിരുന്നു ഗൃഹലക്ഷ്‌മി പദ്ധതി.
രാഷ്‌ട്രീയമായ ഇച്ഛാശക്തിയാണ് ഉണ്ടായിരിക്കേണ്ടത്. നമ്മുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും രാഷ്‌ട്രീയ ഇച്ഛാശക്തിയുണ്ട്- തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നത് വെല്ലുവിളിയാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു.
സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കില്ല എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇവ ഞങ്ങള്‍ വിജയകരമായി നടപ്പിലാക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ബുധനാഴ്‌ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക- സിദ്ധരാമയ്യ പറഞ്ഞു.
ഇത് ഒരു പാർട്ടി പരിപാടിയല്ല. രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെന്ന നിലയിൽ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന ഒരു സർക്കാർ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്‌ദാനമായ അഞ്ചില്‍ മൂന്ന് പദ്ധതികളും(ശക്തി(Shakthi), ഗൃഹ ജ്യോതി(Gruha Jyothi), അന്ന ഭാഗ്യ(Anna Bhagya) നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഗൃഹലക്ഷ്‌മി നാലാമത്തെ പദ്ധതിയാണ്. അഞ്ചാമത്തെ വാഗ്‌ദാനമായ സംസ്ഥാനത്ത് തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന യുവ നിഥി പദ്ധതിയാണ് ഇനി വരാനിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.