ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ഇന്ന് മൈസൂരുവിൽ തുടക്കമാകും. ('Gruha Lakshmi' Scheme Launch) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) പങ്കെടുക്കുന്ന ചടങ്ങിൽ എ ഐ സി സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge) പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയും (Siddaramaiah) ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും (D K Sivakumar) മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയിരുന്നു.
സംസ്ഥാനത്തെ ഗൃഹനാഥകൾക്ക് 2000 രൂപ വീതം പ്രതിമാസം നൽകുന്ന ക്ഷേമ പദ്ധതിയാണിത്. 1.1 കോടി വീട്ടമ്മമാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനമായി കോൺഗ്രസ് മുന്നോട്ടുവച്ച 5 ജനക്ഷേമ പദ്ധതികളിൽ ഒന്നായ ഗൃഹലക്ഷ്മിക്കായി ഈ സാമ്പത്തിക വർഷം 17500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
1.1 കോടി ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന വാഗ്ദാനം നടപ്പാക്കുന്നത് വെല്ലുവിളിയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരിക്കണം. പാർട്ടിക്കും സർക്കാരിനും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്നും അത് സാമ്പത്തിക പാപ്പരത്തത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ അത് വിജയകരമായി നടപ്പാക്കുകയാണ്" - സിദ്ധരാമയ്യ പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ 100 ദിനം പൂർത്തിയാക്കിയിരുന്നു. എന്നാൽ അന്ന് ആഘോഷ പരിപാടികളൊന്നും നടത്തിയിരുന്നില്ല. ഇതിനുപകരം ഗൃഹലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് സർക്കാരിന്‍റെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് കോൺഗ്രസിന്‍റെ നീക്കം. രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാവെന്ന നിലയ്ക്കാണ് മല്ലികാർജുൻ ഖാർഗെ പരിപാടിയിൽ പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി എംപിയെന്ന നിലയ്ക്കും. അതുകൊണ്ട് ഇത് ഒരു സർക്കാർ ചടങ്ങായിരിക്കുമെന്നും പാർട്ടി പരിപാടിയല്ലെന്നും സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്ത്രീകളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഗൃഹലക്ഷ്മി പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതി അവതരിപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി വനിതകൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകളായ സേവ സിന്ധു, മൊബൈൽ വൺ എന്നിവയിലൂടെയും സ്വകാര്യ ആപ്പായ സ്റ്റെപ് ആൻഡ് സ്റ്റോണിലൂടെയുമാണ് ഗൃഹലക്ഷ്‌മി പദ്ധതിയിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
കർണാടകയിൽ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിൽ മൂന്നെണ്ണം ഇതിനോടകം നടപ്പിലാക്കി. 'ശക്തി', 'ഗൃഹജ്യോതി', 'അന്ന ഭാഗ്യ' എന്നീ പദ്ധതികൾക്കുശേഷം നടപ്പാക്കുന്ന നാലാം പദ്ധതിയാണ് ഗൃഹ ലക്ഷ്മി'. എല്ലാ നോൺ എസി സർക്കാർ ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ശക്തി. ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതാണ് ഗൃഹജ്യോതി പദ്ധതി. അന്നഭാഗ്യ പദ്ധതിയിൽ എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പ്രതിമാസം പത്ത് കിലോ അരി സൗജന്യമായി നൽകും. തൊഴിൽ രഹിതരായ യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന പദ്ധതിയാണ് ഇനി നടപ്പാക്കാൻ ബാക്കിനിൽക്കുന്ന 'യുവ നിധി' പദ്ധതി.