ബെംഗളൂരു റൂറൽ : കർണാടകയിൽ വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈ കാലുകൾ വേർപെടുത്തി മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ഇന്ദൽ കുമാറിനെയാണ് ബന്നാർഘട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. ബിഹാറിലെ ഔറംഗബാദിൽ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ജൂണ്‍ ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ആനേക്കൽ താലൂക്കിലെ ബന്നാർഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മെയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ഏഴ് പേർ ചേർന്നാണ് ഗീതമ്മയെ കൊലപ്പെടുത്തിയത്. അതേസമയം കേസിലെ മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും ബെംഗളൂരു റൂറൽ എസ്‌പി മല്ലികാർജുൻ ബാലദണ്ഡി വാർത്ത സമ്മേളനത്തിൽ വ്യക്‌തമാക്കി.
പൊലീസ് പറയുന്നതിങ്ങനെ : ജനതാ കോളനിയുടെ കോമ്പൗണ്ടിന് സമീപം കൈയും കാലും തലയും വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിലാണ് ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗീതമ്മയുടെ വീട്ടിൽ ബിഹാർ സ്വദേശികളായ ഗാർമെന്‍റ്സ് ജോലിക്കാരായ യുവാക്കൾ വാടകയ്‌ക്ക് താമസിക്കുന്നുണ്ടായിരുന്നു.
ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇവർ സംഭവ ശേഷം വാടക വീട്ടിലേക്ക് എത്തിയിട്ടില്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബിഹാറിലാണെന്ന് പൊലീസിന് മനസിലായി. പിന്നാലെ പൊലീസ് സംഘം ബിഹാറിലേക്ക് പോവുകയും ഔറംഗബാദിലെ ഒരു ഗ്രാമത്തിൽ നിന്ന് പ്രധാന പ്രതി ഇന്ദൽ കുമാറിനെ പിടികൂടുകയുമായിരുന്നു.
പ്രതിയെ പിടികൂടുന്നതിനെ പ്രദേശവാസികൾ എതിർത്തെങ്കിലും ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. പിന്നാലെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്നാർഘട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
താൻ ഉൾപ്പെടെ ഗീതമ്മയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ഏഴ് പേർ ചേർന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും ശേഷം ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു. താൻ വർഷങ്ങളായി ഗീതമ്മയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നതെന്നും പ്രതി ഇന്ദൽ കുമാർ വ്യക്‌തമാക്കി.
കൊലപാതകം വാടകവീട് പ്രതിയുടെ പേരിൽ എഴുതി നൽകാത്തതിനാൽ : വർഷങ്ങളുടെ പരിചയമുള്ളതിനാൽ തന്നെ വാടക വീടുകൾ തന്‍റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രതി ഗീതമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സമ്മതിക്കാതെ വന്നതോടെ മേയ് 27ന് ഇന്ദൽ കുമാറും മറ്റ് പ്രതികളും ചേർന്ന് മൊബൈൽ ചാർജറിന്‍റെ വയർ ഉപയോഗിച്ച് ഗീതമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം പിടിക്കപ്പെടാതിരിക്കാൻ മൃതദേഹം പല കഷണങ്ങളാക്കി മാറ്റി വിവിധയിടങ്ങളിലായി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ശേഷം ആക്‌സർ ബ്ലേഡ് ഉപയോഗിച്ച് തലയും കൈകളും കാലും വേർപെടുത്തി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. ശരീരഭാഗത്തിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നതിനാൽ സമീപത്തെ വീട്ടുവളപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം അവിടെ നിന്ന് പ്രതികൾ ബിഹാറിലേക്ക് രക്ഷപ്പെട്ടു.
അതേസമയം ഇന്ദൽ കുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നും അവരെയും ഉടൻ തന്നെ പിടികൂടുമെന്നും റൂറൽ എസ്‌പി അറിയിച്ചു. കൂടാതെ പ്രതിയെ പിടികൂടിയ ബന്നാർഘട്ട പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ഉമാശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് അനുമോദന പത്രം നൽകുമെന്നും റൂറൽ എസ്‌പി മല്ലികാർജുൻ ബാലദണ്ഡി വ്യക്‌തമാക്കി.