ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി നേതാക്കളുമായി സുപ്രധാന കൂടിക്കാഴ്‌ച നടത്തി ബസവരാജ് ബൊമ്മൈ. മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനത പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്നും രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്നും 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. എക്‌സിറ്റ് പോൾ ഫലങ്ങൾ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെക്കാൾ മുൻതൂക്കം നൽകിയതോടെ 'സുഖഭൂരിപക്ഷം' ലഭിച്ച് ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്.
യോഗി ആദിത്യനാഥ് തിരിച്ചുവരില്ലെന്ന് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു. എന്നാൽ, ഉത്തർപ്രദേശിൽ അദ്ദേഹം തിരിച്ചെത്തി. കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകൾ ബിജെപിക്ക് 80 സീറ്റുകളും കോൺഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചത്. പക്ഷേ വിപരീതമായാണ് സംഭവിച്ചതെന്നും ബസവരാജ് ബൊമ്മൈ കൂട്ടിച്ചേർത്തു.
പാർട്ടിക്ക് ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ ജെഡി(എസുമായി) സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ആ സമയത്ത് ദേശീയ നേതൃത്വം തീരുമാനമെടുക്കും എന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ മറുപടി. അത്തരമൊരു സാഹചര്യം വരില്ലെന്നും പാർട്ടിക്ക് 115-117 സീറ്റുകൾ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം ഇല്ലെന്നും കോൺഗ്രസ് 146-ലധികം സീറ്റുകൾ നേടുമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാർ രൂപീകരിക്കുന്നതിന് ഏത് പാർട്ടിയെ പിന്തുണയ്ക്കുമെന്ന് ഇതിനകം തീരുമാനിച്ചതായി ജനതാദൾ (സെക്കുലർ) ദേശീയ വക്താവ് തൻവീർ അഹമ്മദ് വെള്ളിയാഴ്‌ച വ്യക്തമാക്കി. ആരുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് ഞങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും ഉചിതമായ സമയം വരുമ്പോൾ അത് പൊതുജനങ്ങളെ അറിയിക്കുമെന്നും തൻവീർ അഹമ്മദ് പറഞ്ഞു.
ബിജെപി മുന്നിലാണെന്നും സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും ചില എക്‌സിറ്റ് പോളുകളും പറയുന്നു. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസ് 122-140 സീറ്റുകളും ബിജെപി 62-80 സീറ്റുകളും ജെഡി(എസ്) 20-25 സീറ്റുകളും മറ്റുള്ളവർ 0-3 സീറ്റുകളും നേടും. 224 അംഗ കർണാടക നിയമസഭയിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ഒരു പാർട്ടിക്ക് വേണ്ടത്. കോൺഗ്രസിന് 109 സീറ്റും ബിജെപി 91 സീറ്റും ജെഡിഎസ് 23 സീറ്റും നേടുമെന്നായിരുന്നു സർവേ ഫലം വ്യക്തമാക്കിയത്.
ന്യൂസ് 24-ടുഡേയുടെ ചാണക്യ പ്രവചിച്ചത് ബിജെപി 92 സീറ്റും കോൺഗ്രസ് 120 സീറ്റും ജെഡിഎസ് 12 സീറ്റും നേടുമെന്നാണ്. ടൈംസ് നൗ-ഇടിജി പോൾ, ഇന്ത്യ ടിവി-സിഎൻഎക്‌സ് പോൾ എന്നിവ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചു. ബിജെപി 85 സീറ്റുകളും കോൺഗ്രസ് 113 സീറ്റുകളും ജെഡിഎസ് 23 സീറ്റുകളും മറ്റുള്ളവർ മൂന്ന് സീറ്റുകളും നേടുമെന്ന് ടൈംസ് നൗ-ഇടിജി പറഞ്ഞു. ഇന്ത്യ ടിവി-സിഎൻഎക്‌സ് വോട്ടെടുപ്പ് ബിജെപിക്ക് 80-90 സീറ്റുകളും കോൺഗ്രസിന് 110-120 സീറ്റുകളും ജെഡി-എസ് 20-24 സീറ്റുകളും മറ്റുള്ളവർക്ക് 1-3 സീറ്റുകളും നേടുമെന്ന് പ്രവചിച്ചു.
കോൺഗ്രസിന് 40 ശതമാനവും ബിജെപിക്ക് 36 ശതമാനവും ജെഡി(എസ്) 17 ശതമാനവും സ്വതന്ത്രർക്കും മറ്റുള്ളവർക്കും 7 ശതമാനവും വോട്ട് വിഹിതം ലഭിക്കുമെന്ന് റിപ്പബ്ലിക് പി-മാർക് പ്രവചിച്ചു. മെയ് 10ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 73.19 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ എക്കാലത്തെയും ഉയർന്ന വോട്ടിങ് ശതമാനമാണിത്.