ബെംഗളൂരു (കർണാടക) : ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ന്യൂഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും ഷെട്ടാർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച ഷെട്ടാർ പാർട്ടി തീരുമാനം പുനഃപരിശോധിക്കുമെന്നും സീറ്റ് ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും വ്യക്‌തമാക്കി. 'അവരുടെ തീരുമാനം പുനഃപരിശോധിക്കാനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ എന്‍റെ പേര് ചേർക്കാനും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് സീറ്റ് നൽകണമെന്ന് യെദ്യൂരപ്പയും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചിട്ടുണ്ട്.
ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ ന്യൂഡൽഹിയിലെത്തി ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലവിലെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്'. ജഗദീഷ് ഷെട്ടാർ വ്യക്‌തമാക്കി. സ്ഥാനാർഥി പട്ടികയില്‍ ഇടംകിട്ടാതിരുന്നതോടെ നേതൃത്വത്തിനെതിരെ കലഹിച്ച് ഷെട്ടാർ രംഗത്തെത്തിയിരുന്നു.
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ഷെട്ടാറിനോട് മത്സര രംഗത്ത് നിന്ന് മാറി നിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ച തനിക്ക് സീറ്റ് നൽകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു ഷെട്ടാർ. സീറ്റ് നൽകിയില്ലെങ്കിൽ മണ്ഡലത്തിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നു. മത്സരിച്ച ആറ് തവണയും 25,000ൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ച് കയറിയത്.
കലഹത്തിൽ മുങ്ങി ബിജെപി : അതേസമയം മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത് മുതൽ തന്നെ കർണാടക ബിജെപിയിൽ വലിയ തരത്തിലുള്ള കൊഴിഞ്ഞ് പോക്കാണ് നടക്കുന്നത്. മുന്‍ മന്ത്രിയും ആറ് തവണ പാർട്ടി എംഎൽഎയുമായ അംഗാര എസ്, മുൻ എംഎൽഎ ദൊഡ്ഡപ്പഗൗഡ പാട്ടീൽ നരിബോള, മുഡിഗെരെയിലെ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമി എന്നിവർ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഹൊസദുർഗയിലെ എംഎൽഎ ഗൂളിഹട്ടി ശേഖറും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിട്ടുണ്ട്. 'എനിക്ക് ടിക്കറ്റ് നൽകേണ്ടതില്ലെന്നത് പാർട്ടിയുടെ തീരുമാനമാണ്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര തന്‍റെ അടുത്ത സുഹൃത്തുക്കൾക്ക് സീറ്റ് നൽകി. ഹൊസ്ദുർഗ പൊതുമണ്ഡലമാണ്, ഞാൻ പട്ടിക ജാതിക്കാരനാണ്. ഈ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഞാൻ തീരുമാനിച്ചു' - ഗൂളിഹട്ടി ശേഖർ പറഞ്ഞു.
ALSO READ: കർണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുന്‍ മന്ത്രിയടക്കം മൂന്നുപേര്‍ കൂടി പാര്‍ട്ടി വിട്ടു
അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ നിലവിലെ എംഎൽഎമാരായ ഏഴ് പേർക്കാണ് സീറ്റ് നിഷേധിച്ചിട്ടുള്ളത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച 23 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട പട്ടികയിലുള്ളത്. അതിനാൽ തന്നെ വരും ദിവസങ്ങളിലും കൂടുതൽ മുതിർന്ന നേതാക്കൾ ബിജെപിയിൽ നിന്ന് കൊഴിഞ്ഞ് പോകുമെന്നാണ് സൂചന.