ബെംഗളൂരു: സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്‌ധരുമായി ചർച്ച ചെയ്‌ത ശേഷം തീരുമാനമെടുക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യ വിദഗ്‌ധരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ നിലവിൽ 30,762 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ഇതുവരെ 11,453 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് മഹാമാരി മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രമേണ തുറന്നു തുടങ്ങി. ആന്ധ്രാപ്രദേശിലെ 9, 10 ക്ലാസുകൾക്കായി ഈ മാസം ആദ്യം സ്‌കൂളുകൾ തുറന്നിരുന്നു. ഉത്തരാഖണ്ഡും പഞ്ചാബും മുതിർന്ന കൂട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറന്നു. ഒക്ടോബർ ആദ്യം ത്രിപുരയിൽ ഓപ്പൺ എയർ ക്ലാസുകൾ ആരംഭിച്ചിരുന്നു. തമിഴ്‌നാടുൾപ്പടെയുള്ള സംസ്ഥാനങ്ങൾ സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയിലാണ്.