ബെംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മന്ത്രിമാര്‍. കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് അഭ്യൂഹം സൃഷ്ടിച്ചത്. നേതൃമാറ്റമുണ്ടായാല്‍ തങ്ങളുടെ സ്ഥാനങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്‌തരും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍.
പുതിയ മന്ത്രിസഭ വന്നാല്‍...
യെദ്യൂരപ്പ രാജിവച്ചാല്‍ അടുത്ത മുഖ്യമന്ത്രി പുതിയ മന്ത്രിസഭ രൂപീകരിക്കും. അതില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കും, ആരൊക്കെ പുറത്താകും എന്നത് കാണേണ്ടിയിരിക്കുന്നു. രാജി സംബന്ധിച്ച് ഒരു സൂചനയും ബിജെപി ഹൈക്കമാൻഡോ, യെദ്യൂരപ്പയോ നല്‍കിയിട്ടില്ല.
മൂന്ന് ഉപമുഖ്യമന്ത്രിമാരാണ് യെദ്യൂരപ്പയ്ക്കുള്ളത്. ഹൈക്കാൻഡാണ് മൂന്ന് പേരെയും നിയമിച്ചത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് ലക്ഷമണ സവാദി, വൊക്കലിഗ സമുദായത്തില്‍ നിന്ന് അശ്വത്ത നാരായണ്‍, ദലിത് സമുദായത്തില്‍ നിന്നും ഗോവിന്ദ കരജോള എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. പുതിയ നേതാക്കൾക്ക് അവസരം നൽകാനുള്ള സാധ്യതകൾ ഉള്ളതിനാൽ യെദ്യൂരപ്പ മന്ത്രിസഭയിലെ ചില ബിജെപി മന്ത്രിമാർക്ക് തങ്ങളുടെ പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്.
ബിജെപി അധ്യക്ഷന്‍റെ ഓഡിയോ ക്ലിപ്പ്
മുതിർന്ന മന്ത്രിമാരായ കെ.എസ് ഈശ്വരപ്പയെയും ജഗദീഷ് ഷെട്ടറിനെയും പുതിയ മന്ത്രിസഭയിൽ നിന്ന് നീക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിൻ കുമാർ കട്ടീലിന്‍റെ വൈറൽ ഓഡിയോ ക്ലിപ്പ് അടുത്തിടെ സംസ്ഥാന മന്ത്രിസഭയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരുന്നു. യെദ്യൂരപ്പയ്ക്ക് ഉടന്‍ സ്ഥാനം നഷ്ടപ്പെടുമെന്നും കര്‍ണാടകയില്‍ പുതിയ പദ്ധതികളുണ്ടെന്നുമാണ് ഓഡിയോ ക്ലിപ്പിലെ ഉള്ളടക്കം. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി കട്ടീല്‍ രംഗത്തെത്തിയിരുന്നു.
മന്ത്രിമാര്‍ ആശങ്കയില്‍
കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും ബിജെപിയിലേക്ക് മാറിയ ശേഷം യെദ്യൂരപ്പ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ച 12 ഓളം എംഎൽഎമാർ ഇപ്പോൾ സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു. നേതൃമാറ്റം എന്ന അഭ്യൂഹം യെദ്യൂരപ്പയെ മാത്രമല്ല മുഴുവൻ മന്ത്രിസഭയെയും ആശയക്കുഴപ്പത്തിലാക്കുകയും എല്ലാ മന്ത്രിമാരെയും പരിഭ്രാന്തരാക്കുകയും ചെയ്‌തിട്ടുണ്ട്. യെദ്യൂരപ്പയില്ലാതെ കര്‍ണാടകത്തില്‍ ബിജെപിക്ക് അധികാരതുടര്‍ച്ചയുണ്ടാകില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
നേതൃമാറ്റം ആവശ്യപ്പെട്ട് എംഎല്‍എമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയില്‍ ആയിരുന്നു മുഖ്യമന്ത്രി യെദ്യൂരപ്പ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, നേതൃമാറ്റത്തിന് തടയിടാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 26ന് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 2 വര്‍ഷം തികയും.