ബെംഗളുരു: കെഎസ്ആർടിസി ബ്രാൻഡുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ നിഷേധിച്ച് കർണാടകയുടെ ട്രാൻസ്പോർട്ട് മാനേജിങ് ഡയറക്ടർ ശിവയോഗി കലാസാദ്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് 'കെ.എസ്.ആർ.ടി.സി' എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാനുള്ള അപ്പീൽ ശരിവച്ചുവെന്ന കേരളത്തിന്റെ വാദത്തെ എതിർത്താണ് ശിവയോഗി രംഗത്ത് വന്നിരിക്കുന്നത്.അപ്പീലുകളിൽ രജിസ്ട്രി അന്തിമ ഉത്തരവുകളൊന്നും പാസാക്കിയിട്ടില്ലെന്നും വിധി സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും പേരിനെച്ചൊല്ലി 2014 മുതൽ ആരംഭിച്ച നിയമപരമായ തർക്കത്തിൽ കെഎസ്‌ആർടിസി എന്ന ചുരുക്കെഴുത്ത് അനുവദിച്ചുകൊണ്ട് രജിസ്ട്രി 1999 ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരം കേരളത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ബസ് സർവീസ് ആരംഭിച്ച 1965 മുതൽ കെഎസ്ആർടിസി ഉപയോഗിക്കുന്നുണ്ടെന്നും 1974 ൽ മൈസൂരിൽ നിന്ന് സംസ്ഥാനത്തിന്‍റെ പേര് മാറ്റിയ ശേഷമാണ് 'കർണാടക' നിലവിൽ വന്നതെന്നുമാണ് കേരളത്തിന്‍റെ വാദം.'കെഎസ്‌ആർടിസി' എന്ന വ്യാപാരമുദ്ര കർണാടകയ്ക്ക് ഉപയോഗിക്കാന്‍ നിയമപരമായ തടസമില്ലെന്നും കേരളത്തിന്‍റെ വാദം തെറ്റാണെന്നും കലാസാദ് ചൂണ്ടിക്കാട്ടി.
കൂടുതൽ വായിക്കാന്‍: കെഎസ്ആർടിസിയും എംബ്ലവും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം