ബംഗളൂരു: കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം വലിയ വിവാദമായിരിക്കെ, വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ആലോചിച്ച് കോളജ് മാനേജ്‌മെന്‍റിന് പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നെന്ന് കർണാടകയില്‍ നിന്നുള്ള കോൺഗ്രസ് എംപി സയ്യിദ് നാസിർ ഹുസൈൻ. തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് അറിയാവുന്ന ബിജെപി, അവസരം മുതലെടുത്തുകൊണ്ട് ഈ വിഷയം വിനാശകരമായ രീതിയിൽ കൊണ്ടെത്തിച്ചുവെന്നും അതിനായി പൊള്ളയായ വാക്ചാതുര്യം അവലംബിക്കുകയാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
'ഇത് വെറുമൊരു പ്രാദേശിക പ്രശ്‌നം മാത്രമാണ്. ഈ വിഷയം ഇത്രയും വലിയ വിവാദം ആക്കേണ്ട കാര്യമില്ലായിരുന്നു. കോളജ് അഡ്മിനിസ്‌ട്രേഷനോട് രക്ഷിതാക്കളുമായും പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തി രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് ഞങ്ങൾ അന്ന് ആവശ്യപ്പെട്ടത്.', ഹുസൈൻ പറഞ്ഞു.
ALSO READ: ഹിജാബ് വിലക്ക്: മഹാരാഷ്‌ട്രയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം
തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നറിഞ്ഞുകൊണ്ടാണ് ബിജെപി വിദ്യാർഥികളെ അണിനിരത്തി പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കാൻ തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഗീയ കേന്ദ്രങ്ങളായി മാറുന്നത് ദൗർഭാഗ്യകരമാണ്. ഒരു വിദ്യാർഥി ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തുന്നത് മറ്റ് മതസ്ഥരായ വിദ്യാർഥികളെ എങ്ങനെയാണ് ബാധിക്കുന്നത്. അങ്ങനെയെങ്കിൽ തലപ്പാവും മംഗളസൂത്രയും രുദ്രാക്ഷവുമൊക്കെ ധരിക്കുന്നതും മറ്റ് മതസ്ഥർ വിവാദമാക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഓരോ വ്യക്തിക്കും അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്‌ഠിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി യുവാക്കളെ പെൺകുട്ടികൾക്കെതിരെ അണിനിരത്തുകയാണ്. ഈ വിഷയത്തിൽ പരിഹാരമുണ്ടാകണമെങ്കിൽ ഉടൻ വിധി വരണമെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.