ന്യൂഡല്‍ഹി: കര്‍ണാടക ബിജെപിയില്‍ കലഹം രൂക്ഷമാകുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങള്‍ നടത്താൻ നദ്ദ ആവശ്യപ്പെട്ടതായി യെദ്യൂരപ്പ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെയും യെദ്യൂരപ്പ കാണും.
സംസ്ഥാനത്ത് പാർട്ടിയുടെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്നത്തെ കൂടിക്കാഴ്ചയില്‍ നടന്നത്. കർണാടകയിൽ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്താൻ വേണ്ട നടപടികള്‍ക്ക് ഊന്നല്‍ നല്‍കണം. പ്രധാനമന്ത്രിയും ഇക്കാര്യം തന്നെയാണ് ആവശ്യപ്പെട്ടതെന്ന് യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിൽ കൂടുതൽ വികസന പദ്ധതികൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യെദ്യൂരപ്പ പറഞ്ഞു. രാജിവയ്ക്കുമെന്ന വാര്‍ത്തകളും യെദ്യൂരപ്പ തള്ളിയിരുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രംഗത്ത് വന്നതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ കലഹം രൂക്ഷമാണ്.
Also Read: മയൂഖ ജോണിയുടെ പരാതി; ശാസ്‌ത്രീയ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍