ബെംഗ്ലൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടിലുമായി കൂടിക്കാഴ്ച നടത്തി. കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിൽ ആയിരുന്നു കൂടിക്കാഴ്ച. കൃഷ്ണ നദിതടത്തിലെ പ്രളയഭീഷണിയാണ് ഇരുവരും ചർച്ച ചെയ്തത്.
കൃഷ്ണ, ഭീമ നദിയിലെ വെള്ളപ്പൊക്ക ഭീഷണികളെ കുറിച്ച് ഇരു മന്ത്രിമാരും ചർച്ച നടത്തി. 50 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു നിന്നു. വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികളും ഇരു മന്ത്രിമാരും ചർച്ച നടത്തി.
പ്രളയ മുന്നറിയിപ്പ്
"കൃഷ്ണ, ഭീമ നദിയിലെ പ്രളയ ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചു. വെള്ളം പുറന്തള്ളൽ, മഴ വെള്ളം സംഭരിക്കൽ, ജല കൈമാറ്റം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. വേനൽ കാലത്ത് കർണാടകയിലേക്ക് നാല് ടിഎംസി വെള്ളം മഹാരാഷ്ട്രിയിൽ നിന്ന് വിടും. ഇതേ അളവിൽ വെള്ളം മഴക്കാലത്ത് തിരിച്ച് മഹാരാഷ്ട്രയിലേക്ക് വിടാനും തീരുമാനമായി. ഇതിനായി സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. മഹാരാഷ്ട്രയുടെയും കർണാടകയുടെയും സംയുക്ത പദ്ധതിയായ ദുദ് ഗംഗ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും", കർണാടക മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം തുടരുന്നു
മഴ കൂടുന്നതോടെ കൃഷ്ണയിൽ നിന്ന് ഘട്ടം ജലം ഘട്ടമായി ഒഴുക്കിവിടാനും തീരുമാനമായി. ഇത് വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് ഒഴിവാകാൻ സഹായകരമാകുമെന്ന് കർണാടക ജലവിഭവ വകുപ്പ് മന്ത്രി ബസവരാജ് ബൊമൈ പറഞ്ഞു. ഡാമുകളുടെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് എം.കെ സ്റ്റാലിൻ
"മഹാരാഷ്ട്രയെയും കർണാടകയെയും കുറിച്ച് നിരവധി ചർച്ചകൾ ഇന്ന് നടത്തിയിരുന്നു. വെള്ളപ്പൊക്കമാണ് പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾക്കിടയിൽ ഏകോപനം നടക്കുന്നു. കോലാപ്പൂർ പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. അതിനാൽ, വെള്ളപ്പൊക്കം തടയുന്നതിനുള്ള ചർച്ചകൾ നടന്നു, മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീൽ പറഞ്ഞു.