ബെംഗളൂരു: ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുന്ന മുഖ്യമന്ത്രിമാര്‍ സിനിമകളില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന് തെളിയിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ ഭരണാധികാരികളില്‍ സ്ഥിരമായി കാണാറുള്ള അലോസരപ്പെടുത്തല്‍ ഒട്ടും കൂടാതെ സന്ദര്‍ഭം കൈകാര്യം ചെയ്‌താണ് ഇത്തവണ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വാര്‍ത്തയില്‍ ഇടം പിടിച്ചത്. മാത്രമല്ല ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് ഉറപ്പും.
ഉറപ്പാണ് 'ബൊമ്മെ': മഹാദേവപുര മണ്ഡലത്തില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. സമ്മേളത്തിനിടയില്‍ വേദിയിലിരുന്ന് കാഗിനെലെ മഹാസംസ്ഥാൻ കനക ഗുരുപീഠം മഠാധിപതി ഈശ്വരാനന്ദപുരി സ്വാമി നഗരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു. അടുത്തിടെയുണ്ടായ മഴയെത്തുടര്‍ന്ന് വന്ന വെള്ളപ്പൊക്കം കാരണം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ചും മാറിമാറി വരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉറപ്പുനല്‍കിയിട്ടും റോഡുകളുടെ മോശം അവസ്ഥയും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികളുമെല്ലാം സ്വാമി ഈശ്വരാനന്ദപുരി എണ്ണിപ്പറഞ്ഞു. ഈ സമയം മഠാധിപതിക്ക് തൊട്ടടുത്തായി ഒട്ടും പ്രകോപിതനാകാതെ ഇരുന്നിരുന്ന മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അദ്ദേഹത്തിനടുത്തേക്ക് ചാഞ്ഞ് മൈക്ക് വാങ്ങി സംസാരം ആരംഭിക്കുകയായിരുന്നു.
എല്ലാം ശരിയാകും: മുന്‍ മുഖ്യമന്ത്രിമാരെ താരതമ്യപ്പെടുത്തി സംസാരം ആരംഭിച്ച അദ്ദേഹം നഗരപരിധിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ എല്ലാ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മാത്രമല്ല മുൻ മുഖ്യമന്ത്രിമാരെപ്പോലെയല്ല താനെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ തുടർന്നും പാലിക്കുമെന്നും ബസവരാജ ബൊമ്മെ ജനങ്ങളെ സാക്ഷിയാക്കി പറഞ്ഞുനിര്‍ത്തി.