മംഗളൂരു: കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷ് കെ പാട്ടീലിന്‍റെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈശ്വരപ്പയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും സംഭവത്തെ കുറിച്ച് മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനുശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.
എഫ്‌ഐആറിന്‍റെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം രാജി വയ്‌ക്കുന്നതിനെ കുറിച്ച് ഈശ്വരപ്പ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം ക്തമായ വിവരങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE:മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ മരിച്ച നിലയിൽ
പ്രതിപക്ഷ പാർട്ടികളോട് അതൃപ്‌തി പ്രകടിപ്പിച്ച മുഖ്യമന്ത്രി, വിഷയത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കേസിൽ പാർട്ടിപരമായ ഇടപെടലുകളല്ല, മറിച്ച് നിയമപരമായ അന്വേഷണമാകും ഉണ്ടാകുക. അന്വേഷണത്തിൽ സത്യം പുറത്ത് വരും. സംഭവത്തെക്കുറിച്ച് ബിജെപി ഹൈക്കമാൻഡിന് വ്യക്തമായ ധാരണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്‌ചയാണ് (12.03.2022) മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷ് കെ പാട്ടീലിനെ ഉഡുപ്പിയിലെ ഒരു ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ആർഡിപിആർ വകുപ്പിലെ ജോലിയുടെ കരാറിൽ നിന്ന് 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നായിരുന്നു ഈശ്വരപ്പയ്‌ക്കെതിരായ ആരോപണം. എന്നാൽ സന്തോഷ് കെ പാട്ടീൽ ആരാണെന്ന് അറിയില്ലെന്നും അയാളുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു മന്ത്രി ഈശ്വരപ്പയുടെ പ്രതികരണം.
READ MORE:'അയാൾ ആരാണെന്ന് അറിയില്ല, മരണത്തിൽ പങ്കില്ല'; കരാറുകാരന്‍റെ ആത്മഹത്യയിൽ മന്ത്രി കെ.എസ് ഈശ്വരപ്പ