ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് 78 കാരനായ അദ്ദേഹം കൊവിഡ് ബാധിതനാകുന്നത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലും അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. എട്ട് മാസത്തിനുള്ളിലാണ് വീണ്ടും രോഗബാധിതനാകുന്നത്. വിദഗ്‌ധ ചികിത്സക്കായി യെദ്യൂരപ്പയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇത് അവസാനിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ പനിയെ തുടർന്ന് യെദ്യൂരപ്പയെ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് യെദ്യൂരപ്പയുടെ ഓഫിസ് അറിയിച്ചു.