ബെംഗളൂരു: ബിപിഎല്‍ റേഷന്‍ കാര്‍ഡ് കൈവശമുള്ള അര്‍ഹരല്ലാത്തവരോട് കാര്‍ഡ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ട്രാക്‌ടര്‍, മറ്റു വാഹനങ്ങള്‍ എന്നിവയുടെ ഉടമകളായ ആളുകളോട് കൈവശമുള്ള ബിപില്‍ കാര്‍ഡുകള്‍ എത്രയും വേഗം തിരിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അല്ലാത്തപക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇരുചക്ര വാഹനം, ടിവി, ഫ്രിഡ്‌ജ് അല്ലെങ്കില്‍ അഞ്ചേക്കറിലധികം ഭൂമി എന്നിവ കൈവശമുള്ള വ്യക്തികള്‍ തങ്ങളുടെ കൈവശമുള്ള ബിപിഎല്‍ കാര്‍ഡ് മാര്‍ച്ച് 31 നകം ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഉമേഷ് കാട്ടി വ്യക്തമാക്കിയിരുന്നു. അല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.
സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന പല ആളുകളും വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബിപിഎല്‍ കാര്‍ഡുകള്‍ നേടുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിപിഎല്‍ കാര്‍ഡുടമകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഇതിനകം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പന്നര്‍ ബിപിഎല്‍ കാര്‍ഡുകള്‍ തിരികെ നല്‍കണം. അല്ലെങ്കില്‍ കടുത്ത നടപടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ഷിക വരുമാനം 1.20 ലക്ഷത്തിലധികം ലഭിക്കുന്നവരും ബിപിഎല്‍ കാര്‍ഡിന് യോഗ്യരല്ല. ഇവരും മാര്‍ച്ച് 31 നകം കാര്‍ഡ് ഹാജരാക്കണം.