ബെംഗളൂരു: സംസ്ഥാനത്ത് ജൂൺ 21 മുതൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ് പരീക്ഷയുടെ നിലവിലെ ഷെഡ്യൂളിൽ മാറ്റങ്ങളൊന്നുമില്ലെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. പത്താം ക്ലാസ് സെൻട്രൽ ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി വാർത്തകൾ വന്നതിന് ശേഷം, പത്താം ക്ലാസ് പരീക്ഷകൾ മാറ്റി വച്ചു എന്ന തരത്തിൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
പത്താം ക്ലാസ് പരീക്ഷകൾ ജൂൺ 21 മുതൽ നടക്കുമെന്നും നിലവിലെ ഷെഡ്യൂളിൽ മാറ്റങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാർ ട്വീറ്റ് ചെയ്തു. കൊവിഡ് കണക്കിലെടുത്ത് ഏതെങ്കിലും തരം മാറ്റങ്ങൾ വരുത്തിയാൽ അത് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ പത്താം ക്ലാസ് റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തതായി അറിയിച്ചു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു.