ബംഗളൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടെ സിഡി വിവാദം മറ്റൊരു വഴിത്തിരിവിലേക്ക്. സിഡിയിലെ യുവതിയെയും രമേശ് ജാർക്കിഹോളിയെയും ചോദ്യം ചെയ്‌തതിനു പിന്നാലെ മുൻ മന്ത്രിയും കോൺഗ്രസ് പാർട്ടി അംഗവുമായ ഡി. സുധാകറിനെയും ചോദ്യം ചെയ്യലിന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ നോട്ടീസ്.
എന്നാൽ കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് സുധാകറിന്‍റെ പ്രതികരണം. സിഡി കേസിലെ യുവതിക്ക് താൻ പണം കൈമാറിയിട്ടില്ലെന്നും എസ്ഐടി ഉദ്യോഗസ്ഥർ വിളിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, രമേശ് ജാർക്കിഹോളി, കെപിസിസി പ്രസിഡന്‍റ് ഡി. കെ. ശിവകുമാർ എന്നിവരുമായി താൻ വളരെ അടുപ്പത്തിലാണ്. സിഡി കേസിൽ ഒരു മുൻ മന്ത്രിയും ഉൾപെട്ടിട്ടുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അതിനെ താൻ ഭയക്കുന്നില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് മുൻ മന്ത്രി രമേശ് ജാർക്കിഹോളിയും ഒരു യുവതിയും ബന്ധപ്പെട്ട സിഡി വിവാദം ആരംഭിക്കുന്നത്. യുവതിക്ക് ജാർക്കിഹോളി സർക്കാർ ജോലി വാഗ്‌ദാനം ചെയ്തതായി സാമൂഹിക പ്രവർത്തകനായ ദിനേശ് കല്ലഹള്ളി ആരോപിച്ചിരുന്നു. ഇതിനു പുറമെ മാർച്ച് 29ന് രമേശ് ജാർക്കിഹോളിയെ എസ്‌ഐടി ചോദ്യം ചെയ്തു.