ഗദഗ്: ഉടമയുടെ ജീവന്‍ സംരക്ഷിക്കാന്‍ മൂര്‍ഖന്‍ പാമ്പുമായി കടുത്ത ഏറ്റുമുട്ടല്‍. ഏറെ നേരം പൊരുതി, നായ ഒടുവില്‍ പാമ്പിനെ കൊന്നു. എന്നാല്‍, ഈ ധൈര്യത്തിന് വലിയ വിലയാണ് വളര്‍ത്തുമൃഗത്തിന് നല്‍കേണ്ടിവന്നത്.
പ്രതിരോധത്തിനിടെ നിരവധി തവണ നായയ്‌ക്ക് വിഷപ്പാമ്പിന്‍റെ കടിയേറ്റിരുന്നു. തുടര്‍ന്ന് വയലില്‍ കുഴഞ്ഞുവീണ് നായ ചത്തത് ഉടമയ്‌ക്ക് കനത്ത ആഘാതമായി. കർണാടക ഗദഗ് ജില്ലയിലെ ഹദ്‌ലി ഗ്രാമത്തിലാണ് സംഭവം. ശേഖപ്പ ചളവാദിയെന്ന കര്‍ഷകന്‍റെ അരുമ മൃഗമായിരുന്നു ഒഡോഡി.
ഉടമയുടെ കൂടെ വയലില്‍ എത്തിയപ്പോള്‍ ഓടിച്ചെന്ന് നായ പാമ്പിന് നേര്‍ക്ക് തിരിയുകയായിരുന്നു. സാധാരണയായി നായകള്‍ പാമ്പിൽ നിന്ന് അകലം പാലിക്കാറുണ്ട്. എന്നാല്‍, ആ പതിവ് തെറ്റിച്ച് ഒഡോഡി ഏറെ നേരം മൂര്‍ഖനെ ചവിട്ടുകയും കടിക്കുകയും ചെയ്‌തു. നിരന്തരമുണ്ടായ ആക്രമത്തിനിടെയാണ് പാമ്പിന്‍റെ കടിയേറ്റത്.
തുടര്‍ന്ന്, പാമ്പ് ചത്ത് അല്‍പസമയത്തിന് ശേഷം വയലില്‍ കുഴഞ്ഞുവീണ് നായയും ചത്തു. പാമ്പുമായി ഏറ്റുമുട്ടുന്ന സമയത്ത് ഉടമ പകര്‍ത്തിയതും വയലില്‍ ചത്തുകിടക്കുന്നതുമായ നായയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.