ധാർവാഡ് (കർണാടക): യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തിൽ വിവാദ പരാമർശവുമായി കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ്. മൃതദേഹം കൊണ്ടുവരാൻ വിമാനത്തിൽ അധികസ്ഥലം ആവശ്യമാണെന്നും, അത്രയും സ്ഥലത്തിരുത്തി എട്ടുപേരെ കൂടി തിരികെയെത്തിക്കാമെന്നുമുള്ള ബെല്ലാഡിന്‍റെ പ്രതികരണമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് ഒന്നിന് യുക്രൈനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിയായ നവീന്‍റെ മൃതദേഹം തിരികെയെത്തിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം എത്തിക്കുന്ന കാര്യത്തിൽ തീർച്ചയായും സർക്കാരിന്‍റെ വലിയൊരു ശ്രമമുണ്ട്. അവിടെ ഇപ്പോഴും യുദ്ധം നടക്കുകയാണ്. എങ്കിലും മൃതദേഹം തിരികെ കൊണ്ടുവരാൻ പരമാവധി ശ്രമിക്കുകയാണ്.
ജീവിച്ചിരിക്കുന്നവരെ നാട്ടിലെത്തിക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയൊരു സാഹചര്യത്തിൽ മരിച്ച ഒരാളെ എത്തിക്കുക എന്നത് അതിലേറെ ബുദ്ധിമുട്ടായിരിക്കും. മൃതദേഹം കൊണ്ടുവരാൻ വിമാനത്തിൽ കൂടുതൽ സ്ഥലം ആവശ്യമാണെന്നും കർണാടക നിയമസഭാംഗം കൂടിയായ ബെല്ലാഡ് പറഞ്ഞു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുക്രൈനിലുള്ളവർ കടുത്ത സമ്മർദത്തിലാണ്. അവർ റൊമാനിയയിലേക്ക് കടന്നുകഴിഞ്ഞാൽ സുരക്ഷിതരാണ്. അവിടെ വിദ്യാർഥികൾക്ക് ഭക്ഷണവും താമസസൗകര്യവും ഇന്ത്യൻ അധികൃതർ ഒരുക്കിയിട്ടുണ്ട്. വൈകാതെ തന്നെ അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും ബെല്ലാഡ് കൂട്ടിച്ചേർത്തു.
അതേസമയം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച ബിജെപി എംഎൽഎ, ഇന്ത്യയിൽ മെഡിസിൻ പഠനം താങ്ങാനാകാത്ത തരത്തിൽ കൃത്രിമ ഡിമാൻഡുകൾ സൃഷ്‌ടിക്കുന്നതിനാലാണ് വിദ്യാർഥികൾ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കതാൻ യുക്രൈൻ പോലുള്ള രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നതെന്നും ആരോപിച്ചു.