ബെംഗളൂരു: വീണ്ടും അധികാരം പിടിക്കാമെന്ന ബിജെപിയുടെ വലിയ സ്വപ്‌നങ്ങൾക്ക് തടയിട്ട് കൊണ്ടാണ് കോണ്‍ഗ്രസ് കർണാടകയിൽ 136 സീറ്റുകളുടെ കൂറ്റൻ വിജയം സ്വന്തമാക്കിയത്. ബിജെപി എറെ പ്രതീക്ഷ വച്ചിരുന്ന മൈസൂരിൽ കോണ്‍ഗ്രസ് സമ്പൂർണ ആധിപത്യം കാട്ടുകയും, ബിജെപിയുടെ കോട്ടയായ മധ്യ കർണാടക പിടിച്ചെടുക്കുകയും ചെയ്‌തതോടെയാണ് പാർട്ടിക്ക് കന്നട മണ്ണിൽ നിന്നും പൂർണമായി അടിയറവ് പറയേണ്ടി വന്നത്.
കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ച കർണാടകയിൽ ഇത്തവണ ഒൻപത് ജില്ലകളിൽ ബിജെപിക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. എട്ട് ജില്ലകളിൽ ഓരോ സീറ്റുകളിൽ മാത്രം വിജയം നേടി ബിജെപിക്ക് തൃപ്‌തിപ്പെടേണ്ടതായി വന്നു. ഏഴ് ജില്ലകളിൽ രണ്ട് മണ്ഡലങ്ങളിൽ വീതമാണ് ബിജെപിക്ക് വിജയം നേടാനായത്. ആകെ 31 ജില്ലകളിൽ 24 ജില്ലകളിലും ദയനീയ പ്രകടനമാണ് ബിജെപി കാഴ്‌ചവച്ചത്.
ബാംഗ്ലൂർ സിറ്റി, ബെൽഗാം, ബിദർ, ഉഡുപ്പി, ഷിമോഗ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായത്. ബാംഗ്ലൂർ സിറ്റി (15), ബെൽഗാം (7), ദക്ഷിണ കന്നഡ (6), ഉഡുപ്പി (5), ബിദർ (4), ഷിമോഗ (3), ധാർവാഡ് (3) എന്നീ മണ്ഡലങ്ങൾ മാത്രമാണ് ബിജെപിയുടെ കൈവശമുള്ളത്. ബിജെപിയുടെ ശക്‌തി കേന്ദ്രങ്ങളായ ചിക്കമംഗളൂരു, ബെല്ലാരി, കുടക് എന്നിവിടങ്ങളിൽ പാർട്ടി സംപൂജ്യരാവുകയും ചെയ്‌തു.
മാണ്ഡ്യ, രാംനഗർ, ചിക്കബെല്ലാപൂർ, ചാമരാജനഗർ, കോലാർ എന്നിവിടങ്ങളിലും ബിജെപിയുടെ സമ്പാദ്യം വട്ട പൂജ്യം തന്നെയാണ്. ഇക്കുറി ഓൾഡ് മൈസൂരിൽ വലിയ പ്രതീക്ഷയായിരുന്നു ബിജെപി വച്ചിരുന്നത്. എന്നാൽ ഓൾഡ് മൈസൂരിലെ 61 മണ്ഡലങ്ങളിൽ ആറ് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ കോണ്‍ഗ്രസ് 39 സീറ്റുകൾ നേടിയപ്പോൾ ജെഡിഎസ് 14 സീറ്റും സ്വതന്ത്ര സ്ഥാനാർഥികൾ രണ്ട് സീറ്റും നേടി. മൈസൂരിലെ തിരിച്ചടിയാണ് ബിജെപിയുടെ തോൽവി ഭാരം വർധിപ്പിച്ചത്.
ശക്‌തി കേന്ദ്രമായ മധ്യകർണാടകയിലെ 25 മണ്ഡലങ്ങളിൽ വെറും അഞ്ച് സീറ്റുകളിലേക്ക് ഒതുങ്ങിയതും ബിജെപിക്ക് തിരിച്ചടിയായി. മധ്യ കർണാടകയില്‍ 19 സീറ്റുകൾ നേടി കോണ്‍ഗ്രസ് ബഹുദൂരം മുന്നേറിയപ്പോൾ ജെഡിഎസ് വെറും ഒരു സീറ്റിൽ ഒതുങ്ങി. ഹൈദരാബാദ് കർണാടകയിലെ 41 മണ്ഡലങ്ങളിൽ 10 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് സ്വന്തമാക്കാനായത്. ഇവിടെ 26 സീറ്റുകൾ നേടി കോണ്‍ഗ്രസ് സമ്പൂർണ ആധിപത്യം കാട്ടി. ജെഡിഎസ് മൂന്ന് സീറ്റുകളും സ്വതന്ത്രർ രണ്ട് സീറ്റുകളും സ്വന്തമാക്കി.
വടക്കൻ കർണാടകയിലെ 50 സീറ്റുകളിൽ 16 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ഇവിടെ കോണ്‍ഗ്രസ് 33 സീറ്റുകളിൽ വിജയം നേടിയപ്പോൾ ജെഡിഎസ് ഒരു സീറ്റിലേക്ക് ചുരുങ്ങി. ബെംഗളൂരുവിലെ 28 സീറ്റുകളിൽ 15 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ബെംഗളൂരുവിൽ കോണ്‍ഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്.
തീരദേശ കർണാടകയിൽ 19ൽ 13 സീറ്റുകൾ സ്വന്തമാക്കി ബിജെപി മുന്നേറി. ഇവിടെ കോണ്‍ഗ്രസിന് ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ അഞ്ച് സോണുകളിൽ മൂന്നിടത്ത് ബിജെപി ദയനീയമായി തകർന്നടിഞ്ഞു. ബെംഗളൂരു, തീരദേശ മേഖല എന്നിവിടങ്ങളിൽ മാത്രമാണ് ഭരണകക്ഷിയായ ബിജെപിക്ക് കോണ്‍ഗ്രസിന് മേൽ ചെറിയ ആധിപത്യമെങ്കിലും നേടാനായത്.