ചാമരാജനഗര്‍: തെരഞ്ഞെടുപ്പുകളില്‍ വോട്ടുകളാണ് അത്ഭുതം സൃഷ്‌ടിക്കാറുള്ളത്. പതിനായിരക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം പിന്തുണച്ച് വിജയകിരീടം ചൂടുന്നവരെയും കേവലം ഒരു വോട്ടിന്‍റെ പിന്‍ബലത്തില്‍ കടന്നുകൂടുന്നവരെയും വിജയി എന്ന ഒറ്റപ്പേരില്‍ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളതും. ഇത്തരത്തില്‍ മുമ്പ് കണക്കുകള്‍ തോല്‍പ്പിച്ച് ഇത്തവണ വന്‍ വിജയം നേടിയ ഒരാളുണ്ട്. കര്‍ണാടകയിലെ കൊല്ലേഗല മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയ കോണ്‍ഗ്രസ് മുഖം എആര്‍ കൃഷ്‌ണമൂര്‍ത്തി.
വിധിയെ തോല്‍പ്പിച്ച്: 2004 ല്‍ ശാന്തേമാരനഹള്ളി മണ്ഡലത്തിൽ നിന്നുമാണ് എആര്‍ കൃഷ്‌ണമൂര്‍ത്തിക്ക് ഒരു വോട്ടിന്‍റെ വേദനയുള്ള തോല്‍വി സംഭവിക്കുന്നത്. അന്ന് എതിര്‍ സ്ഥാനാര്‍ഥിയായ ധ്രുവ നാരായണ കേവലം ഒരു വോട്ടിന് വിജയിച്ചുകയറുകയായിരുന്നു. എന്നാല്‍ ആ തോല്‍വി കൃഷ്‌ണ മൂര്‍ത്തിയെ തളര്‍ത്തിയില്ല. അങ്ങനെ രാഷ്‌ട്രീയത്തിലെ തിരിച്ചുവരവിനായുള്ള ഇന്നിങ്‌സിനായി ഇത്തവണ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലേഗലയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കൃഷ്‌ണമൂര്‍ത്തി 59,519 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ രാജകീയമായി വിജയിക്കുകയായിരുന്നു. മാത്രമല്ല ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മുന്‍ എംഎല്‍എ എന്‍ മഹേഷിനെയാണ് കൃഷ്‌ണമൂര്‍ത്തി മലര്‍ത്തിയടിച്ചത്.
കൃഷ്‌ണമൂര്‍ത്തിക്കൊപ്പം നടന്ന് മണ്ഡലം: മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ മഹേഷ് ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മുമ്പ് ബിഎസ്‌പി വിട്ട് ബിജെപി കൂടാരത്തിലെത്തിയതും മഹേഷിനെതിരെ ബാലറ്റില്‍ പ്രതിഫലിച്ചു. ബിഎസ്‌പിയുടെ ദേഷ്യം കൃഷ്‌ണമൂര്‍ത്തിയോടുള്ള അനുഭാവമായും, കൃഷ്‌ണമൂര്‍ത്തിക്ക് മണ്ഡലത്തിലാകമാനമുള്ള സഹതാപവുമെല്ലാം പെട്ടിയിലായതോടെ കൃഷ്‌ണമൂര്‍ത്തിയും കോണ്‍ഗ്രസും വിജയിക്കുകയായിരുന്നു. ഇതിനൊപ്പം സംസ്ഥാനമൊട്ടാകെ ഭരണകക്ഷിയായിരുന്ന ബിജെപിക്ക് എതിരെ അലയടിച്ചിരുന്ന ഭരണവിരുദ്ധ വികാരം കൂടിയായതോടെ വിജയം അനായാസവുമായി.
പൊലീസുകാരന്‍റെ പോരാട്ടം: മണ്ഡലത്തില്‍ കൃഷ്‌ണമൂര്‍ത്തിക്കും മഹേഷിനുമെതിരെ ജെഡിഎസിനായി മത്സരത്തിനിറങ്ങിയത് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. തന്‍റെ പൊലീസ് പദവി ഉപേക്ഷിച്ചായിരുന്നു ബി.പട്ടുസ്വാമി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. എന്നാല്‍ പട്ടുസ്വാമിക്ക് കോണ്‍ഗ്രസിനോ ബിജെപിയ്‌ക്കോ ശക്തമായ ഒരു വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ പോയി. പട്ടുസ്വാമിയുടെ പോരാട്ടം കേവലം 3925 വോട്ടില്‍ ഒതുങ്ങി.