ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുതിർന്ന അഭിഭാഷകൻ കിരൺ എസ് ജാവലിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് കര്‍ണാടക സര്‍ക്കാര്‍. ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ വിലപിടിപ്പുള്ള വസ്‌തുക്കള്‍ ക്രമീകരിക്കുന്നതിനായാണ് കിരൺ എസ് ജാവലിയെ സര്‍ക്കാര്‍ നിയമിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സർക്കാർ നിയമവകുപ്പ് അണ്ടർ സെക്രട്ടറി ആദിനാരായണ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് എന്തിന്: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ ഇനം തിരിച്ച് ക്രമീകരിക്കുന്നതിന് വേണ്ടി കർണാടക സർക്കാരിനായി 32 ആം അഡീഷണൽ സിറ്റി സിവിൽ ആന്‍റ് സെഷൻസ് കോടതിയിലും സിബിഐ കേസുകളിലും പ്രത്യേകം ഹാജരാകാനായാണ് ജാവലിയോട് ഉത്തരവ് ആവശ്യപ്പെടുന്നത്. ഇതുപ്രകാരം അടുത്ത മാസം വിചാരണ ആരംഭിക്കുമെന്നും ഇവ ലേലത്തില്‍ വച്ച് ലഭിക്കുന്ന തുക തമിഴ്‌നാട് സര്‍ക്കാരിന് കോടതി തന്നെ കൈമാറുമെന്നും നിയമവിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ പ്രവർത്തകൻ (ആർടിഐ) ടി.നരസിംഹമൂർത്തി സമർപ്പിച്ച അപ്പീലിലാണ് സിറ്റി സിവിൽ ആന്‍റ് സെഷൻസ് കോടതി ഈ വിവരം വ്യക്തമാക്കിയത്.
Also read: ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികൾ മരുമക്കളെന്ന് മദ്രാസ് ഹൈക്കോടതി
എന്തായിരുന്നു ആ കേസ്: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 1996 ഡിസംബര്‍ 11 ന് ജയലളിതയുടെ ചെന്നൈ നഗരത്തിലെ വസതിയായ പോയസ് ഗാര്‍ഡനില്‍ തമിഴ്‌നാട് അഴിമതി വിരുദ്ധ ബ്യൂറോയിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിനെ തുടര്‍ന്നാണ് സംഭവവികാസങ്ങളുടെ തുടക്കം. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കളാണ് സംഘം റെയ്‌ഡിൽ പിടിച്ചെടുത്തത്. 7,040 ഗ്രാം തൂക്കം വരുന്ന 468 തരം സ്വർണ-വജ്രാഭരണങ്ങൾ, 700 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ, വിലകൂടിയ 740 ചെരിപ്പുകൾ, 11,344 പട്ടുസാരികള്‍, 250 ഷാളുകള്‍, 12 റഫ്രിജറേറ്ററുകൾ, 10 ടെലിവിഷന്‍ സെറ്റുകള്‍, എട്ട് വിസിആറുകള്‍, ഒരു വീഡിയോ കാമറ, നാല് സിഡി പ്ലയറുകള്‍, 24 ടു ഇന്‍ വണ്‍ ടേപ്പ് റെക്കോര്‍ഡര്‍, 1,040 വീഡിയോ കാസറ്റുകള്‍, മൂന്ന് ഇരുമ്പ് ലോക്കറുകള്‍, പണമായി 1,93,202 രൂപ തുടങ്ങിയവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
കോടതി വിധി ഇങ്ങനെ: ഇതിന് പിന്നാലെ 2014 സെപ്‌റ്റംബർ 27 നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്‌ക്ക് ബെംഗളൂരു പ്രത്യേക കോടതി നാല് വർഷം തടവ് ശിക്ഷയും 100 കോടി രൂപ പിഴയും ശിക്ഷ വിധിക്കുന്നത്. ഇതുപ്രകാരം ജയലളിതയില്‍ നിന്നും കണ്ടുകെട്ടിയ വിലപിടിപ്പുള്ള വസ്‌തുക്കൾ ആർബിഐയ്‌ക്കോ എസ്‌ബിഐയ്‌ക്കോ പൊതു ലേല വിപണിയിലോ ലേലം ചെയ്‌ത് പിഴ തുക ഈടാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.