ബെംഗളൂരു: കർണാടകയിൽ ഗോവധ നിരോധന നിയമം നിലവിൽ വന്നു. ഗവർണർ വാജുഭായ് വാല ബില്ലിൽ ഒപ്പ് വച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. 13 വയസിന് മുകളിലുള്ള പോത്തുകളൊഴികെയുള്ള കന്നുകാലികളുടെ കശാപ്പ് ഇതോടെ സംസ്ഥാനത്ത് നിരോധിച്ചു. നിയമം ലംഘിച്ചാൽ മൂന്ന് വർഷം മുതൽ ഏഴു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുറ്റം തെളിഞ്ഞാൽ പ്രതിയുടെ വാഹനങ്ങൾ, ഭൂമി, വസ്‌തുക്കൾ, കാലികൾ എന്നിവ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നുണ്ട്.
ഗോമാംസം വിൽക്കുന്നതോ കടത്തുന്നതോ പശുക്കളെ കൊല്ലുന്നതോ ശിക്ഷാർഹമാണ്. എന്നാൽ, പശുവിന് എന്തെങ്കിലും രോഗം പിടിപെട്ട് മറ്റ് കന്നുകാലികളിലേക്ക് അത് പടരുന്ന സാഹചര്യം ഉണ്ടായാൽ അവയെ വധിക്കാൻ അനുവദിക്കുമെന്ന് ഡിസംബർ ഒമ്പതിന് കർണാടക നിയമസഭയിൽ ഗോവധ നിരോധന ബിൽ പാസാക്കുന്ന വേളയിൽ നിയമ മന്ത്രി ജെ.സി മധുസ്വാമി വിശദമാക്കിയിരുന്നു.