ബെംഗളൂരു: 10 ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ വാങ്ങുന്നതിന് കർണാടക സർക്കാർ 400 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെയ് ഒന്നുമുതല്‍ വിതരണം ചെയ്യുന്ന വാക്സിനായി 18 വയസിനുമുകളിലുള്ളവര്‍ക്ക് രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
"മെയ് ഒന്നുമുതൽ 18 നും 44 നും ഇടയിലുള്ള പൗരന്മാർക്ക് കുത്തിവയ്പ്പ് നൽകാൻ തുടങ്ങുമ്പോൾ കർണാടക ഒരുകോടി ഡോസ് കൊവിഡ് -19 വാക്സിനുകള്‍ വാങ്ങും. 400 കോടി രൂപ ആദ്യ ഘട്ടത്തിൽ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഏപ്രിൽ 28 മുതൽ വാക്സിൻ രജിസ്റ്റർ ചെയ്യാൻ 18 വയസിന് മുകളിലുള്ള എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.” യെദ്യൂരപ്പ വ്യാഴാഴ്ച ട്വീറ്റില്‍ വ്യക്തമാക്കി.
18 വയസ്സിന് മുകളിലുള്ളവർക്ക് മെയ് ഒന്നു മുതൽ വാക്സിന്‍ സ്വീകരിക്കാന്‍ അർഹതയുണ്ടെന്ന് ഏപ്രിൽ 19 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വാക്സിന്‍ നയത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നിർമ്മാതാക്കളിൽ നിന്ന് വാക്സിനുകൾ നേരിട്ട് വാങ്ങാനുള്ള അനുവാദവും കേന്ദ്രം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിര്‍ദേശ പ്രകാരം കൊവിഡ് -19 വാക്സിനുകളുടെ നിർമ്മാതാക്കൾക്ക് 50 ശതമാനം ഡോസുകൾ വിതരണം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.