ന്യൂഡൽഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്‌റ്റ് ചെയ്‌തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യയിലെ യുവാക്കളെ ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിബല്‍ ആരോപിച്ചു.
സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ ഇത്തരത്തിലായിരിക്കും അവര്‍ പ്രതികരിക്കുക. ഒരു 21 കാരിയുടെ ട്വീറ്റ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. ചൈനയെ ഭയപ്പെടാത്ത രാജ്യം ദിഷയെയും ഭയപ്പെടുന്നില്ല - കപില്‍ സിബല്‍ പറഞ്ഞു. ടൂള്‍ കിറ്റിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടെങ്കില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ്, അന്താരാഷ്ട്ര പോപ്പ് താരം റിഹാന എന്നിവരെയും സര്‍ക്കാര്‍ പ്രതികളാക്കണം. എന്തുകൊണ്ടാണ് അവർ ഗ്രെറ്റയെ പ്രതിയാക്കാത്തതെന്ന് കപില്‍ സിബല്‍ ചോദിച്ചു.
കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ ഗ്രെറ്റ തൻബെർഗും റിഹാനയും പിന്തുണച്ചിരുന്നു. പിന്നാലെ ടൂള്‍കിറ്റ് എന്നൊരു പ്രയോഗവും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ ഇത് ഡീലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കാർഷിക സമൂഹത്തെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള അപേക്ഷയാണിതെന്ന് ടൂൾകിറ്റ് വായിക്കുന്ന ആളുകൾക്ക് മനസിലാകുമെന്ന് സിബൽ ചൂണ്ടിക്കാട്ടി.