ചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ കന്യാകുമാരി എം.പി വിജയ് വസന്തിന് നഷ്‌ടമായത് ഒന്നരലക്ഷം രൂപയുടെ പേന. ചെന്നൈ ഗിണ്ടിയിലെ സ്റ്റാർ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിൽ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ടാണ് വിജയ് വസന്ത് പങ്കെടുത്തത്.
പരിപാടിക്കിടെ അദ്ദേഹത്തിന് തന്‍റെ ഒന്നരലക്ഷം രൂപ വിലയുള്ള പേന നഷ്‌ടപ്പെടുകയായിരുന്നു. പേന ആരെങ്കിലും മോഷ്‌ടിച്ചതാകാമെന്ന സംശയത്തിൽ ഗിണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം. സംഭവത്തിൽ ഏറെ ഞെട്ടലിലാണ് വിജയ് വസന്ത്.
വിജയ് വസന്തിന്‍റെ പിതാവും കന്യാകുമാരി എംപിയുമായിരുന്ന വസന്തകുമാറാണ് കാണാതായ പേന ഉപയോഗിച്ചിരുന്നത്. അച്ഛന്‍റെ മരണശേഷം ഇതേ മണ്ഡലത്തിൽ എംപിയായി വിജയിച്ച വിജയ് വസന്ത് അദ്ദേഹത്തിന്‍റെ ഓർമയ്ക്കായി പേന ഉപയോഗിച്ചുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.