ബെംഗളൂരു: പ്രശസ്‌ത കന്നഡ ദലിത് കവിയും ആക്‌ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കൊവിഡുമായി ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. മെയ് രണ്ടിന് കൊവിഡ് പോസിറ്റീവ് ആയ അദ്ദേഹത്തെ ന്യുമോണിയ ബാധിച്ച് മെയ് നാലിനാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്‌ച മരണപ്പെടുകയായിരുന്നു.
1954 ഫെബ്രുവരി മൂന്നിന് ബെംഗളൂരുവിനടുത്തുള്ള രാമനഗര ജില്ലയിലെ മഗഡിയിൽ ജനിച്ച സിദ്ധലിംഗയ്യ കന്നഡയിൽ ദലിത്-ബന്ദയ പ്രസ്ഥാനം ആരംഭിക്കുകയും കന്നഡ സാഹിത്യത്തിൽ ദലിത് രചനയ്‌ക്ക് തുടക്കമിടുകയും ചെയ്തു. ദലിത് സംഘർഷ സമിതിയുടെ സഹസ്ഥാപകൻ കൂടിയായ അദ്ദേഹം 2006ൽ ബാംഗ്ലൂർ സർവകലാശാലയിലെ കന്നഡ വകുപ്പ് മേധാവിയും കന്നഡ വികസന അതോറിറ്റി ചെയർമാനുമായിരുന്നു. 1980, 90 വർഷങ്ങളിൽ നിയമസഭയിലും കൗൺസിലിലും അംഗമായിരുന്നു.
സംസ്ഥാന സർക്കാരിൽ നിന്ന് പമ്പ, രാജ്യോത്സവ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ സിദ്ധലിംഗയ്യ സംസ്ഥാനത്തെ ദലിതരുടെ ശബ്‌ദമായിരുന്നു. അദ്ദേഹത്തിന്‍റെ കവിതകളിലും നാടകങ്ങളിലും അത് പ്രതിധ്വനിച്ചിരുന്നു. കന്നഡയിൽ അദ്ദേഹം 'ഊരു കേരി' എന്ന തന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചു. തുടർന്ന് 'എ വേഡ് വിത്ത് യു, വേൾഡ്' എന്ന പേരിൽ എസ്. രാമകൃഷ്ണൻ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഉൾപ്പെടെ നിരവധി നേതാക്കളും എഴുത്തുകാരും അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Also Read: എട്ട് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ആശങ്ക രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി