ബെംഗളൂരു: കന്നഡ ബിഗ് ബോസ് സീസൺ 10 ലെ മത്സരാർത്ഥി വർത്തൂർ സന്തോഷിനെ പുലി നഖമുളള ലോക്കറ്റ് ധരിച്ചെന്നാരോപിച്ച് അറസ്‌റ്റ് ചെയ്‌ത് വനംവകുപ്പ്. ഞായറാഴ്‌ച രാത്രിയാണ് ബിഗ് ബോസ് ഹൗസിൽ നിന്നും സന്തോഷിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തത് (Kannada Bigg Boss Contestant Varthur Santhosh Arrested). നിയമപ്രകാരം നിരോധിച്ചിരിക്കുന്ന പുലിയുടെ നഖമുളള ലോക്കറ്റ് ധരിച്ചെന്ന കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്.
സന്തോഷ് ഇപ്പോൾ വനപാലകരുടെ കസ്‌റ്റഡിയിലാണ്. വർത്തൂർ സന്തോഷിനെ ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയേക്കും. അതേസമയം ഷോയ്‌ക്കിടെ മത്സരാർഥി കഴുത്തിൽ ധരിച്ച മാലയിൽ പുലിയുടെ നഖമുളള ലോക്കറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് മത്സരാർഥിയെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച് കഴുത്തിൽ കടുവയുടെ നഖം കെട്ടിയ സന്തോഷിനെതിരെ പരാതി ലഭിച്ചിരുന്നു. പരാതിയെ തുടർന്ന് വർത്തൂർ സന്തോഷിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്യുകയും ധരിച്ചിരുന്ന ലോക്കറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയും ചെയ്‌തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ബിഗ് ബോസ് ഹൗസിൽ എത്തുകയും ഇത് യഥാർഥ പുലിയുടെ നഖമാണോ എന്ന് പരിശോധിക്കാൻ ലോക്കറ്റ് വീടിന് പുറത്ത് കൊണ്ടുവരാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധനയിൽ ഇത് യഥാർഥ പുലിയുടെ നഖം കൊണ്ട് നിർമിച്ച ലോക്കറ്റാണെന്ന് കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സന്തോഷിനെ കൈമാറാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നിർമാതാക്കളെ വിളിക്കുകയും അദ്ദേഹത്തെ ഔദ്യോഗികമായി അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പത്താം പതിപ്പ് ഒക്‌ടോബർ എട്ടിനാണ് ആരംഭിച്ചത്. പ്രശസ്‌ത കന്നഡ നടൻ സുദീപ് ആണ് ഷോയുടെ അവതാരകൻ. 100 ദിവസം നീണ്ടുനിൽക്കുന്ന ബിഗ് ബോസ് കന്നഡ ഷോയിലെ ഈ സീസണിൽ 19 പേരാണ് മത്സര രംഗത്തുള്ളത്. കളേഴ്‌സ് കന്നഡ ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
കന്നഡ ടെലിവിഷൻ നടി നമ്രത, ടിവി താരം സനേഖ്, റാപ്പർ ഇഷാനി, നടൻ വിനയ്, ' 777 ചാർലി ' നടി സംഗീത ശൃംഗേരി, ഹാസ്യ നടൻ ബുള്ളറ്റ് പ്രകാശിന്‍റെ മകൻ രക്ഷക് ബുള്ളറ്റ്, ടെലിവിഷൻ നടി സിറിസ, ഡ്രോൺ പ്രതാപ്, വർത്തൂർ സന്തോഷ്, തുകലി സന്തോഷ്, നീതു വനജാക്ഷി, സ്‌നേക്ക് ശ്യാം, അവതാരകൻ ഗൗരിഷ് അക്കി, കാർത്തിക് മഹേഷ്, മൈക്കൽ അജയ് തുടങ്ങിയവരും മത്സരാർഥികളായുണ്ട്.
ALSO READ:പുള്ളിപ്പുലികളെ കൊലപ്പെടുത്തി എല്ലും നഖവും വിൽക്കാൻ ശ്രമം; എട്ട് പേർ പിടിയിൽ
പുള്ളിപ്പുലികളെ കൊന്ന് നഖവും എല്ലും വിൽക്കാൻ ശ്രമം: അതേസമയം പുള്ളിപ്പുലികളെ കൊന്ന് നഖവും എല്ലും വിൽക്കാൻ ശ്രമിച്ചവർ പിടിയിലായി (Eight Arrested For Killing Two LeoPards In Karnataka). കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ടിടത്ത് നടന്ന സമാന സംഭവത്തിൽ എട്ട് പേരായിരുന്നു ഹാസൻ പൊലീസിന്‍റെ പിടിയിലായത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലും ആളൂർ വനമേഖലയിലുമായിരുന്നു സംഭവങ്ങൾ നടന്നത്.