ഉദയ്പൂര്‍ : നബിനിന്ദയെ അനുകൂലിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ കനയ്യ ലാലിന്‍റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം. മുഹമ്മദ് നബിയെ കുറിച്ചുള്ള ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനയെ സാമൂഹ്യ മാധ്യമം വഴിയാണ് കനയ്യ ലാൽ അനുകൂലിച്ചത്. ഇതിനുശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
10-15 ദിവസമായി തനിക്ക് സോഷ്യൽ മീഡിയയിൽ നിരന്തരം ഭീഷണികൾ വരുന്നുണ്ട്. അതിനാൽ കടയിൽ പോകാൻ പോലും പേടിയാണ്. കൈ വെട്ടുമെന്ന് പറഞ്ഞ് ചിലര്‍ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ വിശദീകരിച്ചു.
Also Read: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; വധഭീഷണിയില്‍ താക്കീത് ചെയ്‌തിരുന്നതായി പൊലീസ്
'എന്‍റെ കുട്ടികള്‍ക്ക് ഇനി പിതാവില്ല. ഇനിയൊരാളെയും വകവരുത്താന്‍ പ്രതികള്‍ക്ക് അവസരം നല്‍കരുത്. ഇവരെ തൂക്കിക്കൊല്ലണം' - ഭാര്യ യശോദ ആവശ്യപ്പെട്ടു. കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ ധനസഹായമടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 31 ലക്ഷം രൂപയും കുടുംബത്തിലെ രണ്ട് പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.