മുംബൈ: തലൈവിയില്‍ ജയലളിതയായുളള വേഷപകര്‍ച്ചയ്‌ക്ക് ശേഷം തമിഴില്‍ വീണ്ടും തിളങ്ങാനൊരുങ്ങി നടി കങ്കണ റണാവത്ത്. പി. വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2വിലാണ് കങ്കണ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായ ചന്ദ്രമുഖിയായാണ് താരം വേഷമിടുന്നത്.
രജനികാന്ത്, ജ്യോതിക തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചന്ദ്രമുഖിയുടെ ആദ്യ ഭാഗം 2005ലാണ് റിലീസായത്. മലയാളത്തിലെ ക്ലാസിക്ക് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പാണ് ചന്ദ്രമുഖി. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ഭൂല്‍ഭൂലൈയ ആണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ്.
'നോട്ടത്തിലും മുടിയിലും നില്‍പിലും നടപ്പിലും നൃത്തത്തിന്‍റെ സൗന്ദര്യം നിറഞ്ഞ കഥാപാത്രത്തെയായിരുന്നു സൃഷ്‌ടിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ചന്ദ്രമുഖി. ചിത്രം വളരെ മനോഹരവും എന്നാല്‍, വെല്ലുവിളി നിറഞ്ഞതുമായിരുന്നു', പ്രശസ്‌ത കോസ്റ്റ്യൂം ഡിസൈനര്‍ നീത ലുളള പറയുന്നു.
'മാത്രമല്ല, കങ്കണയോടൊപ്പം ഈ പ്രോജക്‌ടിന്‍റെ ഭാഗമാകുക എന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. അവര്‍ സ്വയം മറന്ന് തന്‍റെ എല്ലാ കരുത്തും എടുത്ത് ഒരു കഥാപാത്രമായി മാറുന്നു. ചന്ദ്രമുഖി കാണുന്നതിന് കാത്തിരിക്കുവാന്‍ വയ്യ' എന്ന് നീത ലുള്ള പറഞ്ഞു.
ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചപ്പോള്‍ തന്നെ കങ്കണ ഷൂട്ടിങ്ങിന്‍റെ ഭാഗമായിരുന്നു. എന്നാല്‍, ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതിന് ശേഷം, താരം അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് ഇടവേളയെടുത്തിരുന്നു. രണ്ടാം ഷെഡ്യൂള്‍ ജനുവരിയില്‍ ആരംഭിക്കുമ്പോള്‍ താരം ഷൂട്ടിങ്ങില്‍ പങ്കുചേരുമെന്നതാണ് ലഭിക്കുന്ന വിവരം.
പി എസ് 1 എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചന്ദ്രമുഖി 2 നിര്‍മിക്കുന്നത്. അതേസമയം ഇന്ത്യന്‍ വായു സേനയുടെ പൈലറ്റായി എത്തുന്ന തേജസ്, നോട്ടി ബിനോദിനി തുടങ്ങിയവയാണ് കങ്കണയുടെതായി റിലീസിനൊരുങ്ങുന്ന മറ്റ് പ്രോജക്‌ടുകള്‍.