ബതിന്‍ഡ : മാനനഷ്‌ടക്കേസിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനോട് ഏപ്രിൽ 9 ന് മുൻപ് ഹാജരാകാൻ നിർദേശിച്ച് ബതിന്‍ഡ കോടതി. മഹിന്ദർ കൗർ, ബഹാദുർഗഡ് ജൻഡിയ എന്നിവർ നൽകിയ മാനനഷ്‌ടക്കേസിലാണ് താരത്തിന് സമൻസ് ലഭിച്ചിരിക്കുന്നത്.
വിചാരണ 13 മാസത്തോളം നീണ്ടുനിന്നെങ്കിലും ഇപ്പോൾ കങ്കണയ്‌ക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും കോടതിയിൽ ഹാജരായില്ലെങ്കിൽ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാമെന്നും മഹിന്ദർ കൗറിന്‍റെ അഭിഭാഷകൻ രഘുവീർ സിങ് ബഹ്നിവാൾ പറഞ്ഞു.
കർഷക സമരത്തിൽ പങ്കെടുത്ത മൊഹിന്ദർ കൗർ എന്ന വയോധികയെ ഷഹീൻബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകിസ് ബാനുവെന്ന് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതാണ് കങ്കണക്കെതിരായ പരാതി. മൊഹിന്ദർ കൗറിന്‍റെ ചിത്രം ബിൽകിസ് ബാനുവിന്‍റേതായി നൽകി 100 രൂപയ്‌ക്ക് ഇവരെ സമരം നടത്താൻ ലഭിക്കുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ALSO READ: 'ഗംഗുഭായി'ലെ 'മേരി ജാന്‍' ട്രെന്‍ഡിങില്‍...
സംഭവം വിവാദമായതോടെ കങ്കണ ട്വീറ്റ് പിൻവലിച്ചു. എന്നാൽ മാന്യമായ രീതിയിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസും പ്രതിച്ഛായയും ഇടിച്ച് തർക്കുകയാണ് കങ്കണ ചെയ്‌തതെന്ന് ആരോപിച്ച് മഹിന്ദർ കൗർ നടിക്കെതിരെ വക്കീൽ നോട്ടിസ് അയയ്‌ക്കുകയായിരുന്നു.