റായ്‌പൂർ : മഹാത്മ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെ ജനുവരി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്‌ത് പൂർത്തിയായെന്നും കസ്റ്റഡി കാലാവധി നീട്ടേണ്ടതില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്നാണ് കാളിചരണ്‍ മഹാരാജിനെ ഛത്തീസ്‌ഗഡ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അതേ സമയം ഫെഡറല്‍ തത്വങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മധ്യപ്രദേശ് സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും തുറന്ന പോരിലെത്തിയിരുന്നു.
READ MORE: കാളിചരണ്‍ മഹാരാജിന്‍റെ അറസ്റ്റ്: പരസ്‌പരം പോരടിച്ച് മധ്യപ്രദേശും ഛത്തീസ്‌ഗഡും
ഇന്ത്യ വിഭജനത്തിന് ഉത്തരവാദി ഗാന്ധിജിയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ രണ്ട് ദിവസം നീണ്ടുനിന്ന 'ധര്‍മ സന്‍സദ്' എന്ന ആത്മീയ സമ്മേളനത്തിലാണ് കാളിചരണിന്‍റെ വിവാദ പ്രസ്‌താവനയുണ്ടായത്.
തന്‍റെ 'ദൗത്യം' നിര്‍വഹിച്ചതിന് ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്‌തു കാളിചരണ്‍. രാജ്യത്തെ ഭരണകര്‍ത്താക്കള്‍ യാഥാസ്ഥിതിക ഹിന്ദുക്കളായിരിക്കണമെന്നും കാളിചരണ്‍ പറഞ്ഞു.
കാളിചരണിന്‍റ പ്രസ്‌താവനയില്‍ ധര്‍മ സന്‍സദിന്‍റെ രക്ഷാധികാരി മഹന്ദ് രാമ് സുന്ദര്‍ ദാസ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അടുത്തവര്‍ഷം താന്‍ ധര്‍മ സന്‍സദില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.