ചെന്നൈ: കുടല്ലൂരില്‍ കബഡി കളിക്കിടെ താരം കുഴഞ്ഞ് വീണ് മരിച്ചു. കാടാമ്പുലീയൂര്‍ സ്വദേശിയായ വിമലാണ്(26) മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.
മാനാടിക്കുപ്പത്ത് നടന്ന ജില്ലാതല കബഡി ടൂര്‍ണമെന്‍റിനിടെയാണ് താരം കുഴഞ്ഞ് വീണത്. കളിക്കുന്നതിനിടെ എതിര്‍ സംഘത്തിലെ ഒരാളെ തൊട്ട് തിരിഞ്ഞോടി ടച്ച് ലൈന്‍ മറികടക്കുകയും രണ്ട് പോയിന്‍റ് നേടുകയും ചെയ്തു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം താരം തളര്‍ന്ന് വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വില്ലുപുരം മുണ്ടിയമ്പാക്കം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കാടാമ്പുലിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
also read: ബാഡ്‌മിന്‍റൺ കളിക്കിടെ ഹൃദയാഘാതം ; യുവാവിന് ദാരുണാന്ത്യം