ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി എഐഎഡിഎംകെ ഇടക്കാല അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ കെ പളനിസ്വാമി. പാർട്ടിയിലെ മുതിർന്ന നേതാവായ ഒ പനീർശെൽവവുമായുള്ള നേതൃ തർക്കത്തിനും മുൻ എഐഎഡിഎംകെ മന്ത്രിമാർക്കെതിരായ വിജിലൻസ് റെയ്‌ഡിനുമിടയിലാണ് പളനിസ്വാമിയുടെ കൂടിക്കാഴ്‌ച. അതേസമയം കൂടിക്കാഴ്‌ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്‌തിട്ടില്ലെന്ന് പളനിസ്വാമി മാധ്യമപ്രവർത്തകരോട് വ്യക്‌തമാക്കി.
ഗോദാവരി-കാവേരി നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി വേഗത്തിലാക്കാനും കാവേരി നദിക്ക് ഗംഗയുടെ മാതൃകയിൽ ജലം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമാണ് പ്രധാനമായും അദ്ദേഹവുമായി ചർച്ച ചെയ്‌തത്. ഈ രണ്ട് പ്രധാന പദ്ധതികളും വേഗത്തിൽ നടപ്പിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും പളനി സ്വാമി പറഞ്ഞു.
കൂടാതെ തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നുവെന്നും സംസ്ഥാനത്തുടനീളം മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്നും പളനിസ്വാമി പറഞ്ഞു. ഈ വിഷയം നിയമസഭയിൽ പലതവണ ഉന്നയിക്കുകയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്‌തു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. അതിനാൽ ഇക്കാര്യവും ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്, പളനിസ്വാമി കൂട്ടിച്ചേർത്തു.
ക്രമസമാധാനപാലനം സർക്കാരിന്‍റെ കടമയാണെന്നും മയക്കുമരുന്ന് കടത്ത് തടയാനുള്ള ബാധ്യത സർക്കാരിനാണെന്നും പളനിസ്വാമി പറഞ്ഞു. കൂടാതെ വസ്‌തു നികുതി വർധിപ്പിക്കാനും വൈദ്യുതി നിരക്ക് വർധിപ്പിക്കാനുമുള്ള ഡിഎംകെ സർക്കാരിന്‍റെ നീക്കം കൊവിഡിൽ നിന്ന് കരകയറുന്ന സാധാരണക്കാരെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.