ലണ്ടൻ : വനിത സംവരണ ബില്ലിൽ ഒബിസി സ്‌ത്രീകളെ (OBC Women) ഉൾപ്പെടുത്തുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് ഭാരത രാഷ്‌ട്ര സമിതി നേതാവ് കെ കവിത (Bharat Rashtra Samithi Leader K Kavitha). എല്ലാ ജാതിയിലും സമുദായത്തിലും സാമ്പത്തിക സ്ഥിതിയിലും ഉൾപ്പെട്ട സ്‌ത്രീകളെ ബില്ലിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, നിലവിൽ പാസാക്കിയിട്ടുള്ള വനിത സംവരണ ബില്ലിൽ (Women's Reservation bill ) ഒബിസി സ്‌ത്രീകളെ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗമാണ് ഒബിസി. അതിനാൽ അവരെ കൂടെ ബില്ലിൽ ഉൾപ്പെടുത്തുന്നത് വരെ പോരാട്ടം തുടരുമെന്ന് കവിത മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഡയസ്‌പോറയുടെ ബ്രിഡ്‌ജ് ഇന്ത്യ പരിപാടിയിൽ ഇന്ത്യയിലെ രാഷ്‌ട്രീയ ജനാധിപത്യ മേഖലയിൽ സ്‌ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന മുൻനിര വക്താക്കളിൽ ഒരാളായി ബിആര്‍എസ് എംഎൽസിയായ കെ കവിതയെ ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു കവിത.
ലണ്ടനിലെ അംബേദ്‌കർ മ്യൂസിയം (Ambedkar Museum in London) സന്ദർശിച്ച കവിത, അംബേദകറിന്‍റെ അഭിലാഷങ്ങൾ നിറവേറ്റാൻ നിലവിൽ തെലങ്കാനയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് (K. Chandrashekar Rao) മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഊന്നിപ്പറഞ്ഞു. സന്ദർശന വേളയിൽ കവിത യുകെയിലെ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്‌ച നടത്തുകയും ഇന്ത്യയും യുകെയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്‌തു.
തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് സംസ്ഥാനത്ത് അംബേദ്‌കർ പ്രതിമ സ്ഥാപിക്കണമെന്ന് കവിത നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാനം രൂപീകരിച്ചപ്പോൾ അത് സാക്ഷാത്‌കരിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കവിതയെ അഭിസംബോധന ചെയ്‌തുകൊണ്ട് ഫെഡറേഷൻ ഓഫ് അംബേദ്‌കർ റൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് ഓർഗനൈസേഷൻസ് യുകെ പ്രതിനിധി പറഞ്ഞു. ലണ്ടനിൽ ദ്വിദിന സന്ദര്‍ശനമാണ് ബിആർഎസ് നേതാവ് നടത്തിയത്.
ഒബിസി ക്വാട്ട ഒഴിവാക്കിയത് വേദനാജനകം : നിയമനിർമാണ സ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിയമനിർമാണത്തിന്‍റെ പ്രധാന വക്താക്കളിലൊരാളായ കവിത വനിത സംവരണ ബില്ലിൽ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. രാഷ്‌ട്രീയ പ്രക്രിയയിൽ സ്‌ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണ് ബില്ലെന്ന് വിശേഷിപ്പിച്ച ശേഷം ഒബിസി ക്വാട്ട ഒഴിവാക്കിയത് വേദനാജനകമാണെന്നായിരുന്നു കവിതയുടെ പ്രതികരണം.
രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ബിൽ പാസാക്കുന്നതിനെ പിന്തുണക്കണമെന്ന് അറിയിച്ച് 47 രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് നേരത്തെ കത്തയക്കുകയും ചെയ്‌തിരുന്നു. ബില്ല് ലോകസഭയിൽ പാസാക്കി നൽകണമെന്ന ആവശ്യത്തിൽ എംഎൽസി കവിത മാർച്ചിൽ നിരാഹാര സമരവും നടത്തിയിരുന്നു.