ന്യൂഡൽഹി : 2003ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ വിട്ടയക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. കുറ്റവാളിയായ ആൾ ജുവനൈൽ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടും 19 വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2000ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രായപൂർത്തിയാകാത്തയാളെ മൂന്ന് വർഷത്തിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി.രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നിരീക്ഷണം. 2014ൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിൽ ഹർജിക്കാരനെ പ്രായപൂർത്തിയാകാത്ത ആളായി പ്രഖ്യാപിച്ചതാണ്. അതിനാൽ ഹർജിക്കാരനെ ഇനിയും കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ല എന്ന് ബഞ്ച് പറഞ്ഞു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ഐപിസി സെക്ഷൻ 302, 376 വകുപ്പുകൾ പ്രകാരം വിചാരണ കോടതി ഹർജിക്കാരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ശിക്ഷ സുപ്രീം കോടതിയും ശരിവച്ചിരുന്നു. പിന്നീട് രാഷ്‌ട്രപതിയ്ക്ക് നൽകിയ ദയാഹർജിയിൽ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
കേസിന്‍റെ വിചാരണ നടക്കുമ്പോഴോ കോടതി മുമ്പാകെ റിട്ട് ഹർജി സമർപ്പിച്ചപ്പോഴോ രാഷ്‌ട്രപതിയ്ക്ക് നൽകിയ ഹർജിയിലോ ഹർജിക്കാരൻ താൻ പ്രായപൂർത്തിയായിരുന്നില്ല എന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാൽ പിന്നീട് കുറ്റകൃത്യം നടന്ന സമയത്ത് താൻ പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്ന് ഹർജിക്കാരൻ വാദിക്കുകയായിരുന്നു. 2014 ഫെബ്രുവരി 5ൽ ആഗ്രയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിൽ ഹർജിക്കാരൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ജുവനൈൽ കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചിരുന്നു.