ബെംഗളുരു: തന്‍റെ മകൾ തെറ്റ് ചെയ്‌തിട്ടില്ലെന്നും ദിഷക്ക് നീതി ലഭിച്ചെന്നും ദിഷയുടെ പിതാവ് രവി അന്നപ്പ. ടൂൾ കിറ്റ് കേസിൽ യുഎപിഎ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ ദിഷക്ക് ജാമ്യം ലഭിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഞങ്ങൾക്ക് ദേശവിരുദ്ധരുമായി ഒരു ബന്ധവുമില്ല. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ ചോദ്യം ചെയ്യുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഞാൻ ഇന്ത്യക്കാരനാണെന്നും രാജ്യത്തിന്‍റെ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നിയമത്തില്‍ വിശ്വാസമുണ്ടെന്നും ദിഷ രവിയുടെ അമ്മ മഞ്ജുള പറഞ്ഞു.
ടൂൾ കിറ്റ് കേസിൽ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെയാണ് ജയിൽ മോചിതയായത്. ഡൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വൈകിട്ടാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി പത്താം ദിവസമാണ് ദിഷ ജയിൽ മോചിതയാവുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ദിഷക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ ജാമ്യം അനുവദിക്കാമെന്ന് പട്യാല ഹൗസ് സെഷൻസ് കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ മറ്റ് രണ്ടു പ്രതികളായ നിഖിത ജേക്കബ്, ശാന്തനു മുളുക് എന്നിവർക്ക് മുംബൈ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സംരക്ഷണം ലഭിച്ചിരുന്നു.