ന്യൂഡൽഹി: വിയോജിപ്പുകളെ അമർച്ച ചെയ്യുന്നതിനോ ജനങ്ങളെ ദ്രോഹിക്കുന്നതിനോ തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഡ്. ഇൻഡോ-യുഎസ് നിയമ ബന്ധങ്ങളെക്കുറിച്ച് ഇന്ത്യ-യുഎസ് സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ തഴയപ്പെടുമ്പോൾ അതിനെതിരെ പ്രതിരോധിക്കാൻ മുൻനിരയിൽ നിൽക്കേണ്ടത് കോടതികളാണ്. തീരുമാനങ്ങൾ സ്വീകരിക്കുന്നതിലുണ്ടാകുന്ന വ്യവസ്ഥാപരമായ പ്രശ്‌നങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരിക്കണം. ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നത് ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണെന്നും സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നത് ഒരു ദിവസമാണെങ്കിൽ പോലും അത് ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ
ഇൻഡോ-യുഎസ് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിൽ അമേരിക്കയുടെ സ്വാധീനത്തെ പ്രശംസിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ-21, യുഎസിന്‍റെ അവകാശ ബിൽ എന്നിവ പ്രകാരം ജീവൻ സംരക്ഷിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള വ്യക്തമായ സാമ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.