ലക്‌നൗ: ഉത്തർപ്രദേശിലെ പശ്ചിമ ഡിഎഫ്‌സിയുടെ (പ്രത്യക ചരക്ക് പാത) പുതിയ ഭൂപൂർ-ന്യൂ ഖുർജ വിഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ചരക്ക് ഗതാഗതത്തിന് മാത്രമുള്ള 351 കി.മീ പാത വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.
ഇത് വെറും ചരക്ക് ഗതാഗതത്തിനുള്ള പാതകളല്ല രാജ്യത്തിന്‍റെ പൂരോഗതിയിലേക്ക് കൂടിയുള്ളതാണെന്ന് ചടങ്ങിൽ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. പ്രത്യക ചരക്ക് പാത മേക്ക് ഇൻ ഇന്ത്യയുടെയും ആത്മനിർഭർ ഭാരത് പദ്ധതിയുടെയും ഉത്തമ ഉദാഹരണമാണ്. യാത്രാ തീവണ്ടികളും ചരക്ക് തീവണ്ടികളും ഒരേ പാതയിലാണ് സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ 150 വർഷമായി ഇങ്ങനെയായിരുന്നു. ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 25 കി.മീ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത് ഇരട്ടിയായിരിക്കുന്നുവെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ പോലും കഴിഞ്ഞ വർഷത്തെ ചരക്ക് നീക്കത്തിന്‍റെ 95-96 ശതമാനം ഇപ്പോൾ തന്നെ എത്തിയെന്നും റെയിൽവെ കൂട്ടിച്ചേർത്തു. കരബന്ധിതമായ സംസ്ഥാനം എന്ന നിലയിൽ ചരക്ക് നീക്കത്തിനുള്ള പ്രത്യേക പാത ഉത്തർപ്രദേശിനെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.