ന്യൂഡല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്‌ജിമാര്‍ വോട്ട് രേഖപ്പെടുത്തുന്നത് വ്യക്തിപരമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇന്ത്യന്‍ ജഡ്‌ജായ ദല്‍വീര്‍ ഭണ്ഡാരി റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരായി വോട്ട് രേഖപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ഭാഗ്‌ചി. യുക്രൈനെതിരായ സൈനിക നടപടി റഷ്യ ഉടന്‍ പിന്‍വലിക്കണമെന്ന് ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.
റഷ്യയ്‌ക്കെതിരായ ഐക്യരാഷ്ട്ര സഭയിലെ പ്രമേയങ്ങളിന്‍മേല്‍ ഇന്ത്യ വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്. അന്താരാഷ്ട്ര നീതിന്യായ കോടതികളിലെ ജഡ്‌ജിമാര്‍ വോട്ട് രേഖപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യന്‍ ജഡ്‌ജിന്‍റെ വോട്ട് രാജ്യത്തിന്‍റ നയങ്ങളുമായി ബന്ധപ്പെടുത്തി കാണരുതെന്നാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്‍റെ നിലപാട്.
റഷ്യ യുക്രൈനിലെ സൈനികനടപടി ഉടനെ നിര്‍ത്തണമെന്ന തീരുമാനത്തില്‍ ദല്‍വീര്‍ ഭണ്ഡാരി അടക്കം 13 ജഡ്‌ജിമാര്‍ അനുകൂലമായും രണ്ട് ജഡ്‌ജിമാര്‍ എതിര്‍ത്തും വോട്ട് ചെയ്‌തു. എതിര്‍ത്ത് വോട്ട് ചെയ്‌ത ജഡ്‌ജിമാരില്‍ ഒരാള്‍ റഷ്യന്‍ പൗരനും മറ്റൊരാള്‍ ചൈനീസ് പൗരനുമാണ്.