അമരാവതി : ജഡ്‌ജിമാര്‍ സ്വയം ജഡ്‌ജിമാരെ നിയമിക്കുന്നുവെന്നത് മിഥ്യാധാരണ മാത്രമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ജഡ്‌ജി നിയമന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു. വിജയവാഡ സിദ്ധാർഥ ലോ കോളജിൽ അഞ്ചാമത് ശ്രീ ലവു വെങ്കിടേവര എൻഡോവ്‌മെന്‍റ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ - ഭാവിയിലെ വെല്ലുവിളികൾ' എന്നതായിരുന്നു പ്രഭാഷണ വിഷയം.
അടുത്ത കാലത്തായി ജഡ്‌ജിമാര്‍ക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചില്ലെങ്കിൽ ജഡ്‌ജിമാര്‍ക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും വിവിധ മാധ്യമങ്ങളിലൂടെ അവർക്കെതിരെ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു.
പബ്ലിക് പ്രോസിക്യൂഷന്‍ സംവിധാനത്തെ സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകണമെന്നും കോടതിയോട് മാത്രമേ മറുപടി പറയേണ്ടതുള്ളൂവെന്ന് വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്‌ജിമാര്‍ സ്വയം ജഡ്‌ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മിഥ്യകളിലൊന്നാണ്. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍ററി ചർച്ചയ്ക്കിടെ കേരളത്തിൽ നിന്നുള്ള എം.പി ജോൺ ബ്രിട്ടാസ് ഇത്തരമൊരു പരാമർശം നടത്തിയിരുന്നു. ഹൈക്കോടതി, സുപ്രീംകോടതി ഭേദഗതി, 2021 ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ജഡ്‌ജി നിയമന സംവിധാനത്തെ വിമര്‍ശിച്ചത്.
ALSO READ:Modi Mann ki baat; 'ആ കത്ത് എന്‍റെ ഹൃദയത്തില്‍ തൊട്ടു' ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ കുറിച്ച് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി
ജഡ്‌ജി നിയമനത്തില്‍ നിരവധി കക്ഷികള്‍ പങ്കുകാരാണ്. കേന്ദ്ര നിയമ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ, ഗവർണർ, ഹൈക്കോടതി കൊളീജിയം, ഇന്‍റലിജൻസ് ബ്യൂറോ, ഉന്നത എക്സിക്യുട്ടീവ് അടക്കം നിരവധി അധികാരികൾ ചേർന്നാണ് ഒരു സ്ഥാനാർഥിയുടെ അനുയോജ്യത പരിശോധിക്കുന്നത്. അറിവുള്ളവർ പോലും ഇത്തരം മിഥ്യാ ധാരണകൾ പ്രചരിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഹൈക്കോടതികൾ നൽകിയ ചില ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിക്ക് കൈമാറാനുണ്ടെന്നും അതേസമയം മാലിക് മസ്ഹർ കേസിൽ പറഞ്ഞിരിക്കുന്ന സമയക്രമങ്ങൾ സർക്കാർ കർശനമായി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
നിയമപാലകർ ജുഡീഷ്യറിക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായി നേരിടേണ്ടതുണ്ട്. കോടതി ഇടപെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കും വരെ അധികാരികൾ അന്വേഷണവുമായി മുന്നോട്ടുപോകാത്തത് നിർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജഡ്‌ജിമാര്‍ക്കും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.