ഹൈദരാബാദ് : ജൂബിലി ഹിൽസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ ഉപയോഗിച്ച് പ്രതീകാത്മകമായി അതിക്രമ രംഗങ്ങള്‍ അന്വഷണസംഘം പുനരാവിഷ്‌കരിച്ചു. ജൂബിലി ഹിൽസിലെയും ബഞ്ചാര ഹിൽസിലെയും വിവിധ സ്ഥലങ്ങളിലാണ് പൊലീസ് പ്രതികളെ എത്തിച്ചത്. അഞ്ച് പ്രായപൂർത്തിയാകാത്തവരടക്കം ആറ് പ്രതികളാണ് പിടിയിലായത്.
കനത്ത സുരക്ഷയ്‌ക്കിടയിൽ, പ്രതികളെ ആദ്യം ജൂബിലി ഹിൽസിലെ അംനേഷ്യ പബ്ബിൽ എത്തിച്ചു. തുടര്‍ന്നാണ് ബഞ്ചാര ഹിൽസിലെയും ജൂബിലി ഹില്‍സിലേയും മറ്റിടങ്ങളിലെത്തിച്ചത്.
വിശദമായി ചോദിച്ചറിഞ്ഞ് പൊലീസ് : പ്രതികളിൽ ആരാണ് ആദ്യം പബ്ബിൽ ഇരയെ സമീപിച്ചത്, ആരാണ് അവളോട് മോശമായി പെരുമാറിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇരയായ പെൺകുട്ടിയെ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആരാണ് കുടുക്കിയത്.
മെഴ്‌സിഡസ് കാറിൽ കയറാൻ അവളെ എങ്ങനെ പ്രേരിപ്പിച്ചു, വഴിയിൽ വാഹനത്തിൽ എന്താണ് സംഭവിച്ചത്, ആദ്യം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ഉപേക്ഷിച്ച് ഇന്നോവയില്‍ കയറിയതെന്തിന്, വാഹനത്തിൽവച്ച് ലൈംഗികാതിക്രമത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം എത്തരത്തിലായിരുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു.
ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന് ആക്ഷേപം : ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പ്രതികൾക്ക് ചിക്കൻ ബിരിയാണി വിളമ്പിയതായി ആരോപണമുയര്‍ന്നു. ഒരു പ്രമുഖ ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തതെന്നാണ് റിപ്പോർട്ട്.
പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ തുടക്കം മുതലേ പൊലീസ് മൃദുസമീപനം സ്വീകരിച്ചെന്ന് വിമര്‍ശനം ശക്തമാണ്. ജൂബിലി ഹില്‍സില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് പോകുന്നതിനിടെ മെയ് 28നാണ് പ്രായപൂര്‍ത്തിയാവത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്.
കുറ്റകൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇരയുടെ കുടുംബം പരാതി നൽകിയത്. എന്താണ് സംഭവിച്ചതെന്ന് ജൂണ്‍ 2 ന് ഇര പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ പ്രതികള്‍ നഗരം വിട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യല്‍ തുടരും : കേസില്‍ പ്രായപൂര്‍ത്തിയായ ഏക പ്രതിയായ സദുദ്ദീൻ മാലിക്കിന്റെ നാല് ദിവസത്തെ കസ്റ്റഡി ഞായറാഴ്ച അവസാനിച്ചിരുന്നു. ഇതോടെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ചഞ്ചൽഗുഡ സെൻട്രൽ ജയിലിലേക്ക് തിരിച്ചയക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇവരെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ കസ്റ്റഡി വെള്ളിയാഴ്ച ആരംഭിച്ചപ്പോൾ ബാക്കി രണ്ട് പേരുടെ കസ്റ്റഡി ശനിയാഴ്ചയാണ് തുടങ്ങിയത്.
അതേസമയം മുഴുവന്‍ പ്രതികളെയും പൊലീസ് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആറുപേരെയും ശനിയാഴ്‌ച ഉസ്‌മാനിയ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്.