ഹൈദരാബാദ് : ഭൂചലനം നാശംവിതച്ച ജപ്പാനില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തിയെന്ന് അറിയിച്ച് ജൂനിയര്‍ എന്‍ടിആര്‍. എക്‌സിലൂടെയായിരുന്നു പ്രതികരണം. ജപ്പാനെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി. ഒരാഴ്ച മുമ്പാണ് ജൂനിയര്‍ എന്‍ടിആര്‍ അവധി ആഘോഷത്തിനായി ജപ്പാനിലേക്ക് പോയത്(Jr.NTR returns from Quake hit Japan).
'തിങ്കളാഴ്‌ച രാവിലെയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ജപ്പാനില്‍ ഇത്രയും വലിയ ഭൂകമ്പം ഉണ്ടായത് തന്നെ ഞെട്ടിച്ചു. കഴിഞ്ഞ ഒരാഴ്ച താന്‍ അവിടെ ഉണ്ടായിരുന്നു. ജനങ്ങള്‍ ഉടനടി ദുരന്തത്തോട് പ്രതികരിച്ചതും ആഘാതത്തില്‍ നിന്ന് മോചിതരായെന്നതും വളരെ അഭിനന്ദനീയമാണ്. ജപ്പാന്‍ കരുത്തോടെ തുടരും' - ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ 8 പേരാണ് മരിച്ചത്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുമുണ്ട്.
അവധിക്കാലത്ത് നിരന്തരം വിദേശത്തേക്ക് പോകുന്ന അഭിനേതാവാണ് ജൂനിയര്‍ എന്‍ടിആര്‍. ഇക്കൊല്ലത്തെ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കാന്‍ അദ്ദേഹവും കുടുംബവും തെരഞ്ഞെടുത്തത് ജപ്പാനാണ്. ഭാര്യ ലക്ഷ്‌മി പ്രണതി, മക്കളായ അഭയ്, ഭാര്‍ഗവ് എന്നിവര്‍ക്കൊപ്പം അദ്ദേഹം ഒരാഴ്ചയായി ജപ്പാനിലായിരുന്നു. എന്നാല്‍ ഭൂകമ്പം മൂലം യാത്ര പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോരേണ്ടി വന്നു.
കോര്‍ത്തല ശിവയുടെ ദേവാരയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ഒന്നാം തീയതി ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഈ മാസം എട്ടിന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ചിത്രത്തില്‍ അതിശക്തമായ കഥാപാത്രമായാണ് എന്‍ടിആര്‍ എത്തുന്നത്.
കൂറ്റന്‍തിരകള്‍ വീശുന്ന നടുക്കടലില്‍ ഒരു വള്ളത്തില്‍ താരം നില്‍ക്കുന്ന ചിത്രമാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ ഉള്ളത്. ഇദ്ദേഹത്തിന് പിന്നില്‍ പ്രക്ഷുബ്ധമായ കടലും മറ്റ് വള്ളങ്ങളും കപ്പലുകളും ബോട്ടുകളും ആകാശവും കാണാം.
Also Read:ജപ്പാൻ ഭൂചലനം; എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
ചിത്രത്തിന്‍റെ ആദ്യ ഭാഗം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജാന്‍വി കപൂര്‍ തെലുങ്കില്‍ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സേഫ് അലിഖാന്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രാജമൗലിയുടെ ആര്‍ആര്‍ആറിലാണ് ജൂനിയര്‍ എന്‍ടിആര്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.