കൊൽക്കത്ത: ബിജെപി ദേശീയ പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദയുടെ രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്‌ത് ബിജെപി നേതാവ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകുകയും ചെയ്‌തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്‌ച നടന്ന സന്ദർശത്തിനിടെ പ്രകടനക്കാർ കരിങ്കൊടി കാണിക്കുകയും ചിലർ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകളിൽ കയറി മുദ്രാവാക്യം മുഴക്കിയെന്നും ഇവരെ തടയാൻ പോലീസ് ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാർബറിലേക്കുള്ള ഒന്നിലധികം വഴികളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ പ്രതിഷേധം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
120 ദിവസത്തെ രാജ്യവ്യാപക പര്യടനത്തിന്‍റെ ഭാഗമായാണ് പശ്ചിമ ബംഗാൾ സന്ദർശനത്തിനായി ബിജെപി അധ്യക്ഷൻ നദ്ദ കൊൽക്കത്തയിൽ എത്തിയത്.