ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ഫയല്‍ ചെയ്‌ത 41 എഫ്‌ഐആര്‍ ബിജെപിയുടെ പകപോക്കല്‍ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പ്രചാരണം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ തുടരുമെന്നും പാര്‍ട്ടി പറഞ്ഞു.
'പ്രിയങ്ക ഗാന്ധിക്കെതിരെയും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കതെിരെയും ഫയല്‍ ചെയ്‌ത 41 എഫ്‌ഐആര്‍ ബിജെപിയുടെ പകപോക്കല്‍ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണ്. ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്. പക്ഷേ, ഞങ്ങള്‍ തലകുനിക്കുകയില്ല. ഗ്വാളിയാറിലും ജബല്‍പൂരിലും ഇതുവരെ രണ്ട് റാലികള്‍ പ്രയങ്ക അഭിസംബോധന ചെയ്‌തിട്ടുണ്ട്' - മധ്യപ്രദേശിലെ എഐസിസി ഇന്‍ചാര്‍ഡ് ജെപി അഗര്‍വാള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
'അസംബ്ലി തെരഞ്ഞെടുപ്പ് വരെ പ്രിയങ്കയുടെ ശക്തമായ പ്രചാരാണം സംസ്ഥാനത്ത് ഉടനീളം നടക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം ഭരണകക്ഷി മനസിലാക്കുകയും ആ തിരിച്ചറിവിൽ നിരാശരാകുകയും ചെയ്‌തതിനാലാണ് ബിജെപി ഇതെല്ലാം ചെയ്യുന്നത്'.
അഴിമതി ആരോപണങ്ങള്‍ നിരത്തി കോണ്‍ഗ്രസ്: 'സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയാണ് ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. ഉജ്ജൈനിലെ മഹാകാല്‍ ക്ഷേത്രത്തിലെ ദൈവത്തിന്‍റെ പേരിലുള്ള വ്യാജ പ്രതിഷ്‌ഠ, പത്‌വാരി ജോലി തട്ടിപ്പ്, നഴ്‌സിങ് ജോലി തട്ടിപ്പ് തുടങ്ങിയ നിരവധിയായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെയുണ്ട്. കോൺഗ്രസ് ഏറെക്കാലമായി ഉയർത്തിക്കാട്ടുന്ന, ഇതുവരെ 50 പേരുടെ ജീവനെടുത്ത വ്യാപം തൊഴിൽ അഴിമതിയെക്കുറിച്ചല്ല ഞങ്ങൾ ഇവിടെ സംസാരിക്കുന്നത്'.
'അതിന് പിന്നിലെ നിഗൂഢത ഇപ്പോഴും തുടരുന്നു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമച്ച് ഞങ്ങളെ നിശബ്‌ദരാക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഞങ്ങള്‍ പിന്മാറുകയില്ല' - അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഐസിസി ഇന്‍ചാര്‍ജ് പറഞ്ഞു. ബിജെപി നിയമസഭ അംഗങ്ങളുടെ എല്ലാ സ്വത്തുവകകളുടെയും സര്‍വേ നടത്തണമെന്നും ഇവ 2018ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാനലിന് സമര്‍പ്പിച്ച സ്വത്തുക്കളുമായി പൊരുത്തപ്പെടണമെന്നും ഞങ്ങളുടെ എംഎല്‍എമാരില്‍ ഒരാളായ ജിത്തു പത്‌വാരി ആവശ്യപ്പെട്ടിരുന്നു.
'കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ അഴിമതിയ്‌ക്ക് എതിരെയുള്ള പ്രചാരണത്തെ മധ്യപ്രദേശിലെ പ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് താരതമ്യം ചെയ്‌തു. കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാരിനെതിരെ നടത്തിയ അഴിമതി പ്രചാരണം വോട്ടര്‍മാരെ ആകര്‍ഷിച്ചു. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ അഴിമതിയില്‍ ജനങ്ങള്‍ക്ക് വ്യപകമായ രോഷമുണ്ട്. ഇത് തന്നെയാണ് ബിജെപിയുടെ നിരാശയ്‌ക്ക് കാരണം'.
മധ്യപ്രദേശിലെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്‌ക്ക് വന്‍ ഒഴുക്ക്: 'കര്‍ണാടകയിലെ പോലെ തന്നെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാനിരിക്കുന്ന നേതാക്കളുടെ എണ്ണം വളരെ വലുതാണ്. കോണ്‍ഗ്രസ് അധികാരത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് നിരവധി ബിജെപി നേതാക്കളായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സമാനമായ രീതി മധ്യപ്രദേശിലും ഞങ്ങള്‍ സാക്ഷ്യം വഹിക്കുകയാണ്'.
'ഏതാനും ബിജപി നേതാക്കള്‍ ഞങ്ങളുടെ കൂടെ ചേര്‍ന്നു. സമീപകാലത്തായി ഇനിയും കൂടുതല്‍ പേര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേയ്‌ക്ക് വരും. ശക്തമായ രാഷ്‌ട്രീയ സൂചകത്തിന്‍റെ തെളിവാണിത്'.
വോട്ടർമാരെ അണിനിരത്താൻ എഐസിസി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ജില്ലാതല കൺവൻഷനുകൾ നടത്തുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു. 'ഭീഷണികളെ പേടിച്ച് പിന്മാറുന്ന പ്രവര്‍ത്തകരല്ല ഞങ്ങള്‍ക്കുള്ളത് എന്നതാണ് ഏറ്റവും വലിയ കാര്യം. കർഷകരുടെ ദുരവസ്ഥ, സ്‌ത്രീകളുടെ സുരക്ഷ, ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ അവർ ഉയർത്തിക്കാട്ടുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.