ഗാങ്ടോക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ നേട്ടവുമായി മണിപ്പൂരിന്‍റെ യുവപേസർ ജോതിൻ ഫൈറോയിജാം സിങ്. രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ഒൻപത് വിക്കറ്റ് വീഴ്‌ത്തുന്ന നാലാമത്തെ ഇന്ത്യൻ താരം എന്ന റെക്കോഡാണ് ഈ 16കാരൻ സ്വന്തമാക്കിയത്. ഫൈറോയിജാം സിങിന്‍റെ മികവിൽ സിക്കിമിനെ 220 റണ്‍സിന് ഓൾഔട്ടാക്കാനും മണിപ്പൂരിനായി.
22 ഓവറിൽ 69 റണ്‍സ് വഴങ്ങിയാണ് ഫൈറോയിജാം സിങ് ഒൻപത് വിക്കറ്റ് വീഴ്‌ത്തിയത്. ഇതോടെ വസന്ത് രഞ്ജനെ (9/35, 1956-57), അമർജിത്ത് സിങ് (9/45, 1971-72), സഞ്ജയ് യാദവ് (9/52, 2019-20) എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ഫൈറോയിജാം സിങിനായി. കൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ പത്താമത്തെ മികച്ച ബോളിങ് ഫിഗർ എന്ന നേട്ടം കൂടി താരം ഈ തകർപ്പൻ പ്രകടനത്തിലൂടെ സ്വന്തമാക്കി.
മത്സരത്തിൽ അൻവേഷ് ശർമയെ (39) പുറത്താക്കി റെക്‌സ് രാജ്‌കുമാറാണ് സിക്കിമിന്‍റെ അവസാന വിക്കറ്റ് വീഴ്‌ത്തിയത്. ഫൈറോയിജാം സിങിനായിരുന്നു ക്യാച്ച്. ഇതോടെ സിക്കിമിന്‍റെ പത്ത് വിക്കറ്റിന്‍റെയും ഭാഗമാൻ ജോതിൻ ഫൈറോയിജാം സിങിനായി. അതേസമയം രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ നാല് വിക്കറ്റ് നഷ്‌ടത്തിൽ 59 എന്ന നിലയിലാണ്.