ജോഷിമഠ്: മണ്ണ് ഇടിഞ്ഞ് താഴ്‌ന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വിള്ളലുകള്‍ വീണ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താത്‌കാലികമായി നിര്‍ത്തിവച്ചു. ജോഷിമഠിലെ രണ്ട് ഹോട്ടല്‍ കെട്ടിടങ്ങള്‍ ഇന്ന് പൊളിച്ച് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്താല്‍ അത് ഇപ്പോള്‍ താത്‌കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
മണ്ണ് ഇടിഞ്ഞ് താഴ്‌ന്നത് കാരണം ജോഷിമഠിലെ 678 കെട്ടിടങ്ങള്‍ക്കാണ് വിള്ളല്‍ സംഭവിച്ചത്. 66 കുടുംബങ്ങളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. മൗണ്ട് വ്യൂ ഹോട്ടല്‍, മലാരി ഹോട്ടല്‍ എന്നിവയാണ് പൊളിച്ച് നീക്കാന്‍ അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ (എസ്‌ഡിആർഎഫ്) സംഘത്തെ കെട്ടിടങ്ങൾ പൊളിക്കാനായി സജ്ജമാക്കിയിരുന്നു.
എസ്‌ഡിആർഎഫിന്‍റെ എട്ട് ടീമുകളെ ജോഷിമഠ് ടൗണിൽ വിന്യസിച്ചിട്ടുണ്ട്. ഈ ടീമുകൾ മറ്റ് യൂണിറ്റുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധുവിന്‍റെ നിർദേശപ്രകാരമാണ് തകർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാന്‍ പദ്ധതിയിട്ടിരുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞർ തകർന്ന പ്രദേശങ്ങളിൽ പരിശോധന നടത്തിവരികയാണ്.
മലരി ഇൻ (malari inn), മൗണ്ട് വ്യൂ (mount view) ഹോട്ടലുകളിൽ സിബിആർഐയിലെ ശാസ്‌ത്രജ്ഞർ പരിശോധന നടത്തിയിരുന്നു. ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴ്‌ന്നതിനാലാണ് രണ്ട് ഹോട്ടലുകൾക്കും നാശനഷ്‌ടമുണ്ടായത്. ഹോട്ടലുകള്‍ പോളിക്കാനായി 60 തൊഴിലാളികളെയായിരുന്നു നിയോഗിച്ചിരുന്നത്. രണ്ട് ജെസിബികൾ, രണ്ട് ട്രക്കുകൾ, ഒരു കൂറ്റൻ ക്രെയിൻ എന്നിവയും സജ്ജീകരിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സെക്രട്ടറി ഡോ രജ്ഞിത്ത് സിൻഹ പറഞ്ഞിരുന്നു. എസ്‌ഡിആർഎഫ് ടീമുകൾ ജാഗ്രത പാലിക്കാണമെന്നും നിർദേശമുണ്ട്.
സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല: ജോഷിമഠിലെ ഭൂമിത്തകർച്ചയിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സുപ്രീംകോടതി ജനുവരി 16ന് വാദം കേൾക്കും. ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും സുപ്രീംകോടതിയുടെ പരിഗണനയിൽ വരണമെന്നില്ലെന്നും ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീംകോടതി നിർദേശിച്ചു.
മതപുരോഹിതനായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ജോഷിമഠിലെ പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. വൻകിട വ്യവസായവത്‌ക്കരണമാണ് സംഭവത്തിന് കാരണമെന്നും ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്‌ടപരിഹാരവും നൽകണമെന്നും ഹർജിക്കാരൻ വാദിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ജോഷിമഠ് നിവാസികളെ സജീവമായി പിന്തുണയ്ക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തകർന്ന് വീണ് ജോഷിമഠ്: പ്രശസ്‌ത തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, അന്താരാഷ്ട്ര സ്‌കീയിംഗ് ലക്ഷ്യസ്ഥാനമായ ഔലി എന്നിവിടങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ്, മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. വീടുകളിലും റോഡുകളിലും വയലുകളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. നിരവധി വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.
അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്ന 600 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യം മറികടക്കാന്‍ സാധ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. ടെലിഫോണ്‍ വഴി ബന്ധപ്പെട്ടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് മോദി ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്.
'പിളർന്ന ഭൂമി': വിചിത്രമായ ഭൗമപ്രതിഭാസം മൂലമാണ് ഭൂമിയില്‍ വിള്ളലുണ്ടായത്. ചമോലി ജില്ലയിൽ ജോഷിമഠ് നഗരത്തിലാണ് അപൂർവ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കിയത്. ജോഷിമഠിലെ സുനിൽ, മനോഹർ ബാഗ്, ഗാന്ധി എന്നീ വാർഡുകളിലാണ് അപകടം ഏറ്റവും രൂക്ഷം. ഇവിടെ പല വീടുകളും ഭിത്തിയിൽ വലിയ വിള്ളലുകൾ വീണ് തകർച്ചയുടെ വക്കിലാണ്.
ഇതോടൊപ്പം മാർവാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ജെയ്‌പീ റസിഡൻഷ്യൽ കോളനിയിലും സമാന സാഹചര്യം തുടരുകയാണ്. വിള്ളലുകളിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന സംഭവവും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Also read: 'സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി'; ജോഷിമഠ് സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി